കോഴിക്കോട്: പൊലീസും സമരക്കാരും തമ്മിൽ സംഘർഷത്തിനിടയാക്കിയ താമരശ്ശേരി കട്ടിപ്പാറയിലെ അറവുമാലിന്യ സംസ്കരണ ഫാക്ടറി 'ഫ്രഷ് കട്ട്' തുടക്കം മുതൽ വിവാദത്തിൽ. രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് ജനജീവിതം ദുസഹമായി.
കുടിവെള്ള സ്രോതസുകളും മലിനപ്പെട്ടതോടെയാണ് നാട്ടുകാർ സമരത്തിനിറങ്ങിയത്. കുടിക്കാനും കുളിക്കാനും പോലും പ്രദേശത്തെ വെള്ളം ഉപയാേഗിക്കാൻ പറ്റാതായി. അഞ്ച് വർഷത്തിലധികമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഫാക്ടറിക്കു മുമ്പിൽ കുടിൽ കെട്ടിയും സമരം നടത്തിയിരുന്നു. നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് പ്ലാന്‍റ് പ്രവർത്തിക്കുന്നതെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ ആരോപിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 31ന് പഞ്ചായത്ത് നൽകിയ പ്രവർത്തനാനുമതി അവസാനിക്കുന്ന പ്ലാൻ്റ് അവിടെനിന്ന് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും സമരം നടത്തി. ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് അനുകൂലവിധി സമ്പാദിച്ചാണ് പ്രവർത്തനമെന്നും ആക്ഷേപമുയർന്നു. ഇതിന് പൊലൂഷൻ കൺട്രോൾ ബോർഡ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടെന്നും ഭാരവാഹികൾ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ പ്ലാന്‍റിലേക്ക് പുതിയ കോഴിമാലിന്യം മാത്രമേ കൊണ്ടുപോകൂ എന്നും താലൂക്ക് അടിസ്ഥാനത്തിൽ സോണുകളായി തിരിച്ച് കണ്ടെയ്നർ ഫ്രീസർ സ്ഥാപിക്കുമെന്നും ധാരണയായിരുന്നു. എന്നാൽ അതൊന്നും പ്രാവർത്തികമായില്ല. അഞ്ചു വർഷത്തോളമായി അനുരഞ്ജന ചർച്ചകളിലെ ധാരണകളും നടപ്പായില്ല.
കോടതിയെയും തെറ്റിദ്ധരിപ്പിച്ചു?
ദിനംപ്രതി 20- 23 ടൺ മാലിന്യമാണ് പ്ലാന്‍റിൽ സംസ്കരിക്കുന്നതെന്നാണ് കമ്പനി അധികൃതർ പറഞ്ഞിരുന്നത്. 30 ടൺ വരെ സംസ്കരിക്കാൻ അനുമതിയുണ്ടെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജില്ലയിൽ മറ്റെവിടെയെങ്കിലും പ്ലാന്‍റ് അനുവദിക്കുന്നതിനെതിരെ കമ്പനി വിധി സമ്പാദിച്ചത്. എന്നാൽ ദിവസം 90 ടൺ മാലിന്യം ഇവിടെ സംസ്കരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 150 ടൺ കോഴിമാലിന്യം ഇവിടെ സംസ്കരിക്കുന്നുണ്ടെന്നാണ് തങ്ങളുടെ നിഗമനമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.
ഉദ്യോഗസ്ഥർക്കും പങ്കെന്ന്
പ്ലാന്‍റിനെതിരെ പരാതിപ്പെട്ടാൽ മാനേജ്മെന്‍റിനെ സംരക്ഷിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഉദ്യോഗസ്ഥരെടുക്കുന്നത്. കഴിഞ്ഞ വർഷം നിയമലംഘനത്തിന് പൊലൂഷൻ കൺട്രോൾ ബോർഡ് ഫ്രഷ് കട്ടിന് 36 ലക്ഷം രൂപ പിഴചുമത്തിയിരുന്നു. ഇതിൽ അഞ്ചു ലക്ഷമാണ് ഈടാക്കിയത്. ബാക്കി തുക ഉന്നത തലത്തിൽ സ്വാധീനിച്ച് ഒത്തുതീർപ്പാക്കിയെന്നും ആക്ഷേപമുണ്ടായിരുന്നു. കമ്പനിക്കുള്ള പൊലൂഷൻ കൺട്രോൾ ബോഡിന്‍റെ ലൈസൻസ് കാലാവധി 2024 ഓക്ടോബർ 31 അവസാനിച്ചു. ഇത് പിന്നീട് നീട്ടിക്കൊടുത്തു. നിയമ പ്രശ്നങ്ങളെ തുടർന്ന് ഈയിടെ പൂട്ടിയെങ്കിലും താത്കാലിക അനുമതി വാങ്ങി വീണ്ടും പ്രവർത്തനം തുടങ്ങിയെന്നാണ് വിവരം. സമരക്കാരുടെ വീടുകളിൽ പൊലീസ് റെയ്ഡും നടന്നതോടെ സമരക്കാർ പ്രകോപിതരായി.
ജനകീയ ഹർത്താൽ
താമരശേരി: ജനങ്ങൾക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ സമഗ്ര അന്വോഷണം നടത്തണമെന്നും ദുരിതബാധിതർക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ മുന്നണി താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി എന്നീ പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ ഇന്ന് ഹർത്താൽ ആചരിക്കാൻ എ.അരവിന്ദൻ, കെ.ബാബു, പി.ടി ബാപ്പു തുടങ്ങിയ ജനകീയ മുന്നണി നേതാക്കൾ തീരുമാനിച്ചതായി അറിയിച്ചു.
ഫ്രഷ് കട്ട്: മാലിന്യം ഒഴുക്കിയത് ഇരതുള്ളി പുഴയിലേക്ക്
താമരശ്ശേരി: കട്ടിപ്പാറ അമ്പായത്തോട് ഇറച്ചിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്‍റിൽ നിന്നും പുറത്ത് വിടുന്ന ദുർഗന്ധം വമിക്കുന്ന വിഷവാതകം കമ്പനിയ്ക്കടുത്തുള്ള ഇരുതുള്ളി പുഴയിലേക്കാണ് ഒഴുക്കിയതെന്നാണ് ആരോപണം. മലിനജലവും ഒഴുക്കി. അയ്യായിരത്തിലധികം വരുന്ന പ്രദേശവാസികളാണ് ഇതേതുടർന്ന് ദുരിതത്തിലായത്. ജില്ലയിൽ ഇത്തരത്തിലുള്ള ഒരു ഫാക്ടറി മാത്രമേയുള്ളൂ. മറ്റു ജില്ലകളിൽ നിന്നുപോലും കോഴിയറവ് മാലിന്യം ഇവിടെയെത്താറുണ്ടെന്നാണ് ആക്ഷേപം.
ജലരേഖയായി ഒത്തുതീർപ്പ് ധാരണകൾ
സമരം നിറുത്താൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരവധി ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. മാസങ്ങൾക്ക് മുമ്പ് നടന്ന റോഡ് ഉപരോധ സമരം നിറുത്താൻ ധാരണയായത് കോഴിക്കോട് സബ് കളക്ടറുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിലാണ്. 25 ടണ്ണിലധികം മാലിന്യം കൊണ്ടുവരരുത്. സി.സി.ടിവിയിൽ പതിയുന്ന രീതിയിൽ മാലിന്യ നീക്കവും സംസ്കരണവും നടത്തണം തുടങ്ങിയ ആവശ്യങ്ങൾ സമരസമിതി ഉന്നയിച്ചു. ഇക്കാര്യങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡും ശുചിത്വ മിഷനും നിരീക്ഷിച്ച് സമയബന്ധിതമായി റിപ്പോർട്ട് കളക്ടർക്ക് കൈമാറാനും ധാരണയായിരുന്നു. നിയമവിരുദ്ധമായ പ്രവൃത്തിക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |