കോഴിക്കോട്: ഈ മാസം 19ന് വൈകുന്നേരം അഞ്ചുമണിക്ക് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുമ്പോഴാണ് പേരാമ്പ്ര സ്വദേശി ആദിത്യന് തീവണ്ടിയിൽനിന്ന് ചില്ല് കുപ്പി കൊണ്ട് ഏറുകിട്ടുന്നത്. തീവണ്ടിക്കു നേരേയുള്ള കല്ലേറുകൾ പതിവാണെങ്കിലും തീവണ്ടിയിൽ നിന്ന് എറിഞ്ഞ സംഭവം ആദ്യമായിട്ടായിരുന്നു. കുപ്പികൊണ്ടുള്ള ഏറിൽ മുഖത്ത് പരിക്കേറ്റ ആദിത്യന് രണ്ട് പല്ലുകൾ നഷ്ടപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ആദിത്യൻ. കൊയിലാണ്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നാണ് ഏറ് വന്നത്. അന്വേഷണം ഇതുവരെ എവിടെയുമെത്തിയിട്ടില്ല.
കല്ലേറ് വ്യാപകം
കോഴിക്കോട് - വെള്ളയിൽ സ്റ്റേഷനുകൾക്കിടയിൽ നിർത്തിയിട്ടിരുന്ന മംഗളൂരു - ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന് നേരേ കല്ലേറുണ്ടായത് ഈ മാസം 12-നാണ്. കോച്ചിന്റെ ജനൽചില്ല് തകർന്നു. കല്ലെറിഞ്ഞ തമിഴിനാട് സ്വദേശി അറസ്റ്റിലാവുകയും ചെയ്തു. 14-ന് പുലർച്ചെ ഫറോക്കിനും കല്ലായിക്കും ഇടയിൽ ചെന്നൈ - മംഗളൂരു വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിനു നേരേ ഇഷ്ടിക എറിഞ്ഞതിനെത്തുടർന്ന് കാസർകോട് സ്വദേശി വി.ജെ. ഷിബിയുടെ ചെവിക്ക് പരിക്കേറ്റു. ഇതിലെ പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. വന്ദേഭാരതിന് നേരെ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് കല്ലേറുണ്ടായത്.
ആസൂത്രിതമല്ല
തീവണ്ടികൾക്കുനേരേ കല്ലെറിയുന്ന കേസുകളിൽ പിടിയിലാകുന്ന പ്രതികളിൽ കൂടുതലും ലഹരി ഉപയോഗിക്കുന്നവരോ അല്ലെങ്കിൽ മാനസിക പ്രശ്നങ്ങളുള്ളവരോ ആണെന്നാണ് ആർ.പി.എഫ് പറയുന്നത്. അതിവേഗം പോകുന്ന വന്ദേഭാരത് പോലുള്ള ട്രെയിനുകൾക്കു നേരേ കൗതുകത്തിന്റെ പുറത്ത് കുട്ടികൾ എറിയുന്ന കേസുകളുമുണ്ട്. ഇത്തരം കേസുകളിൽ സിസിടിവി വഴിയും നാട്ടുകാർ അറിയിച്ചതനുസരിച്ചും മറ്റും പലപ്പോഴും പ്രതികളെ പിടികൂടാനാവാറുണ്ടെന്നും റെയിൽവെ പൊലീസ് പറയുന്നു.
''ട്രെയിനിൽ നിന്ന് എന്തെങ്കിലും പുറത്തേക്കെറിഞ്ഞ് ആളുകൾക്ക് പരിക്കേൽക്കാറാണ് പതിവ്. വേഗതയിൽ പോകുന്ന ട്രെയിനാണെങ്കിൽ ഏത് ബോഗിയിൽ നിന്നാണ് കല്ലേറ് വരുന്നതെന്ന് പോലും കണ്ടെത്തുക എളുപ്പമല്ല. സഹയാത്രകർ സഹായിച്ചാൽ മാത്രമേ ഇത്തരം കേസുകളിൽ പ്രതികളെ പിടികൂടാൻ സാധിക്കു. "
ആർ.പി.എഫ് വൃത്തങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |