കോഴിക്കോട്: വിലങ്ങാട് - വയനാട് ബദൽ പാത നിർമ്മാണം സംബന്ധിച്ച പ്രാഥമിക പരിശോധന ഉടൻ തുടങ്ങും. മന്ത്രി ഒ.ആർ കേളുവിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരുന്നു. റോഡിന്റെ സാദ്ധ്യതയെ കുറിച്ചുള്ള പ്രഥാമിക പരിശോധനയ്ക്കു ശേഷം പഠനം നടത്തും. തുടർന്ന് വനംവകുപ്പിന്റെ അനുമതിയോടെ സർവേ നടത്തും. തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് സമർപ്പിക്കുക. വനം ഉൾപ്പെടുന്ന മേഖലയായതിനാൽ കേന്ദ്രാനുമതിയും വേണ്ടിവരും. വിലങ്ങാട് പാലം വഴി മാനന്തവാടിയിലേക്കുള്ള ചുരമില്ലാപ്പാതയിൽ ഏഴ് കിലോമീറ്റർ വനമേഖലയുണ്ട്. കുങ്കിച്ചിറ പ്രദേശമാണിത്. റോഡിന്റെ സാദ്ധ്യതയെ പറ്റി വ്യക്തമായി പഠിക്കേണ്ടതുണ്ട്. റോഡ് നിർമ്മാണത്തിന്റെ ആവശ്യകതയും സാദ്ധ്യതയും മനസിലാക്കി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു.
മേൽപ്പാലം സാദ്ധ്യതയും
പരിശോധിക്കും
കുങ്കിച്ചിറ വനമേഖലയിൽ മേൽപ്പാലം നിർമ്മിച്ചാൽ വന്യജീവികൾക്ക് ഭീഷണിയുണ്ടാകില്ല. ഇവിടെ മേൽപ്പാലം നിർമ്മാണം സാദ്ധ്യമാണോയെന്ന് പരിശോധിക്കണം. ഏഴ് കിലോമീറ്റർ വനമേഖല വിട്ടുകിട്ടാനും നടപടികൾ സ്വീകരിക്കും. ഇതിനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. വിലങ്ങാട്ടു നിന്ന് വയനാട്ടിലേക്കും അവിടെ നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ദൂരം കുറയ്ക്കാൻ ഈ പാത സഹായിക്കും. പാത യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ ആദിവാസി ഊരുകളുടെ വികസനവും സാദ്ധ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |