കോഴിക്കോട്: പ്രതിരോധം ഊർജ്ജിതമെന്ന പ്രസംഗമല്ലാതെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ജില്ലയിൽ ഒരു കുറവുമില്ല. ഈ വർഷം ആഗസ്റ്രു വരെയുള്ള കണക്കെടുത്താൽ 14,186 പേരാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ( 2020 മുതൽ 2025 ആഗസ്റ്ര് വരെ) 86,502 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. പേവിഷബാധയേറ്റ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 55 പേർ. നായ്ക്കളുടെ വന്ധ്യംകരണം താളം തെറ്റിയതാണ് തെരുവുനായ്ക്കൾ പെരുകാൻ ഇടയായതെന്നാണ് പ്രധാന ആരോപണം. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ദിനം പ്രതി നിരവധിപേരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാവുകയാണ്. പലരും കടിയേൽക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടെന്ന് പറയാം. തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമില്ലെന്നാണ് ജനങ്ങളുടെ പരാതി. ജനനനിയന്ത്രണ (എ.ബി.സി) പരിപാടിയും പ്രതിരോധ കുത്തിവയ്പ്പും ഫലപ്രദവുമില്ല.
എ.ബി.സി കേന്ദ്രങ്ങൾ രണ്ട് !
ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുമ്പോഴും ആവശ്യത്തിന് വന്ധ്യംകരണ കേന്ദ്രങ്ങൾ (എ.ബി.സി ) ഇല്ലെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കോർപ്പറേഷന് കീഴിൽ പൂളാടിക്കുന്നിൽ പ്രവർത്തിക്കുന്ന കേന്ദ്രവും മൃഗസംരക്ഷണ വകുപ്പിനുകീഴിൽ ബാലുശേരിയിൽ പ്രവർത്തിക്കുന്ന കേന്ദ്രവും മാത്രമാണ് ജില്ലയിലുള്ളത്. ഇവിടെ ദിനം പ്രതി 10 മുതൽ 12 വരെ വന്ധ്യംകരണ ശസ്ത്രക്രിയകളാണ് നടക്കുന്നത്. ഓരോ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഒരു എ.ബി.സി സെന്റർ വീതം സജ്ജമാക്കാൻ ജില്ലാ പഞ്ചായത്ത് നടപടി ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. തെരുവ് നായകളുടെ പ്രജനനം കാര്യക്ഷമമായി നിയന്ത്രിക്കണമെങ്കിൽ കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ വേണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
വർഷം......... ചികിത്സ തേടിയവർ
2020.................6275
2021................12190
2022................15763
2023................19616
2024.................18472
2025(ആഗസ്റ്റ്).....14186
നാദാപുരത്ത് ഒരു മാസത്തിനിടെ
കടിയേറ്റത് 50 പേർക്ക്
നാദാപുരം: കല്ലാച്ചി, വളയം, വാണിമേൽ ഗ്രാമപഞ്ചായത്തുകളിൽ ഒരു മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് അമ്പതോളം പേർക്ക്. കഴിഞ്ഞ ചൊവ്വാഴ്ച കല്ലാച്ചി ടൗണിൽ കടിയേറ്റത് കുട്ടികളും വൃദ്ധരും അടക്കം 13 പേർക്കാണ്. തൊട്ടടുത്ത ദിവസം രാവിലെ മൂന്ന് പേർക്ക് കടിയേറ്റു. രണ്ടാഴ്ച മുമ്പ് നാദാപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പോകുംവഴി കുറക്കന്റെ കടിയേറ്റിരുന്നു അതേദിവസം നാദാപുരം ഗവ. കോളേജ് ക്യാമ്പസിൽ ബിരുദ വിദ്യാർത്ഥിനിയും കുറുക്കന്റെ അക്രമത്തിനിരയായി. ടൗണുകളിൽ അറവ് മാലിന്യം വലിച്ചെറിയുന്നത് തെരുവ് നായകൾ തമ്പടിക്കാൻ കാരണമാകുന്നതായി നാട്ടുകാർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |