കോഴിക്കോട്: കുട്ടി ശാസ്ത്രജ്ഞരുടെ പുത്തൻ കണ്ടുപിടിത്തങ്ങളുമായി 67ാമത് റവന്യു ജില്ലാ സ്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയ മേളകൾക്ക് തിരിതെളിഞ്ഞു. എ.ഐ ടെക്നോളജിയെയും ചാറ്റ് ജി.പി.ടിയെയും കൂട്ടുപിടിച്ചാണ് ഇത്തവണ കുട്ടികൾ മേളയിലെത്തിയത്. വർക്കിംഗ് മോഡലിലും സ്റ്റിൽ മോഡലിലും നൂതന ആശയങ്ങളാണ് മത്സരാർത്ഥികൾ അവതരിപ്പിച്ചത്. ട്രാഫിക് കുരുക്കഴിക്കാൻ എ.ഐയുടെ സഹായത്തോടെ സിസ്റ്രം, ഉരുൾപൊട്ടലും മണ്ണൊലിപ്പും തടയാൻ സംവിധാനങ്ങൾ, തനിയെ ഓണാകുന്ന ഫാൻ, മാലിന്യത്തിൽ നിന്ന് എനർജി എന്നിങ്ങനെ കൗതുകകരമായ കണ്ടുപിടിത്തങ്ങൾ മേളയുടെ ആദ്യദിനം പ്രദർശനത്തിനെത്തി. വർക്ക് എക്സ്പീരിയൻസ് മേളയിൽ ക്ളേ മോഡലിംഗ്, ബാംബൂകൊണ്ടുള്ള വിവിധ തരം ഉത്പന്നങ്ങൾ, തടിയിൽ തീർത്ത കസേരകൾ, മേശകൾ എന്നിവയെല്ലാം കുരുന്നു കൈകളാൽ പിറവികൊണ്ടു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ചെറുപ്രായത്തിൽ തന്നെ ശാസ്ത്രബോധം വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ശാസ്ത്രവിഷയങ്ങളെ പുസ്തകപരിധിയിൽ ഒതുക്കാതെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ രമ്യ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.സജിനി എൻ.പി. (ഡി.ഇ.ഒ, കോഴിക്കോട്),
അപർണ വി.ആർ, സ്വാമി നരസിംഹാനന്ദ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി അസീസ് സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ കെ.പി. സാജിദ് നന്ദിയും പറഞ്ഞു. ശാസ്ത്രോത്സവത്തിന്റെ ലോഗോ രൂപകൽപന ചെയ്ത നല്ലൂർ നാരായണ എൽ.പി. സ്കൂൾ അദ്ധ്യാപകൻ കെ. അബ്ദുൽ ലത്തീഫിന് ഉപഹാരം നൽകി ആദരിച്ചു. ആർ.കെ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ, ഗവ.വി.എച്ച്.എസ്.എസ് മീഞ്ചന്ത, ഗവ. വി.എച്ച്.എസ്.എസ് ചെറുവണ്ണൂർ, എം.എം.വി.എച്ച്.എസ് പരപ്പിൽ എന്നീ സ്കൂളുകളിലായി നടക്കുന്ന മേള ഇന്ന് സമാപിക്കും.
ആഷികും ഫാദിലും ഒരുക്കി സ്മാർട്ട് ഹോം
കോഴിക്കോട്: മഴവെള്ളം വീണാൽ വസ്ത്രങ്ങൾ നനയാതെ സൂക്ഷിക്കുന്ന റെയിൻ ഡിക്റ്ററ്രിംഗ് ക്ലോത്ത് ലെെൻ, ഇലക്ട്രോണിക് ഡോർ ലോക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് വാട്ടർ പമ്പ് സിസ്റ്റം തുടങ്ങി വീടിനെ സ്മാർട്ടാക്കാനുള്ള വിദ്യകളാണ് ചെറുവാടി ജി.എം.എച്ച് .എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് ആഷിക്കിന്റേയും ഫാദിൽ ഇർഫാന്റേയും കെെയിലുള്ളത്.
മഴ വരുമ്പോൾ സെൻസർ മോട്ടോർ വഴി വസ്ത്രങ്ങൾ ഉണക്കുന്ന അയൽ അടയുകയും മഴ കഴിയുമ്പോൾ വസ്ത്രങ്ങളുടെ അയൽ തുറക്കുകയും ചെയ്യും. വൈഫൈ വഴി ഉപകരണങ്ങളെ ബന്ധിപ്പിച്ച് മൊബൈൽ ആപ്പ് വഴിയോ വോയ്സ് അസിസ്റ്റന്റ് വഴിയോ നിയന്ത്രിക്കാം. വാട്ടർ ടാങ്കിലെ വെള്ളത്തിന്റെ നിലയെ അടിസ്ഥാനമാക്കിയാണ് മോട്ടോർ സ്വയം ഓൺ ആവുകയോ ഓഫ് ആവുകയോ ചെയ്യുന്ന ഓട്ടോമാറ്റിക് വാട്ടർ പമ്പ് കൺട്രോൾ സിസ്റ്റം പ്രവർത്തിക്കുക.
കീ പാഡ് ഉപയോഗിച്ച് വാതിൽ ലോക്ക് ചെയ്യുന്ന സംവിധാനം വഴി വീട് സുരക്ഷിതമാക്കുകയും ചെയ്യാം. ശരിയായ പാസ് വേഡ് നൽകിയാൽ മാത്രമെ വാതിൽ തുറക്കുകയുള്ളു. ഉപഭോക്താവ് കീ പാഡ് വഴി പാസ് വേഡ് നൽകുമ്പോൾ അത് സ്റ്റോർ ചെയ്ത പാസ് വേഡുമായി ഒത്തുനോക്കും. ശരിയാണെങ്കിൽ സെർവോ മോട്ടോൽ വാതിൽ തുറക്കും. തെറ്റാണെങ്കിൽ അലാറം മുഴങ്ങും.
എ.ഐ തൊപ്പിയിട്ടാൽ 'കാഴ്ച പരിമിതി'യില്ല
കോഴിക്കോട്: കാഴ്ചപരിമിതരെ സഹായിക്കാൻ എ.ഐ തൊപ്പിയുമായി ആർ.കെ മിഷൻ എച്ച്.എസ്.എസിലെ കുട്ടിശാസ്ത്രജ്ഞർ. റാസ്ബറിപെെ ചിപ്പ് ഘടിപ്പിച്ച തൊപ്പിയുമായി മേളയിൽ താരങ്ങളായിരിക്കുന്നത് റിഷിൻഖാനും ആദിദേവുമാണ്.
എ.ഐ സഹായത്തോടെ പ്രവർത്തിക്കുന്ന കളർ സെൻസറുള്ളതിനാൽ കറൻസി തിരിച്ചറിയൽ എളുപ്പമാവും. മാത്രമല്ല, തൊപ്പിയിലെ സ്പീക്കറിലൂടെ പറയുകയും ചെയ്യും. കറൻസി ഐഡന്റിഫിക്കേഷൻ തൊപ്പിക്കൊപ്പം 'ത്രീ വേ ഒബ്സ്റ്റക്കിൾ സിസ്റ്റം' തൊപ്പിയും ഇവരുടെ കണ്ടുപിടുത്തത്തിലുണ്ട്. അൾട്രാസോണിക് സെൻസറും ജി.പിഎസും വെെബ്രേറ്റർ മോട്ടോറും ഘടിപ്പിച്ച തൊപ്പിയിട്ടാൽ മുന്നിലെത്തുന്ന തടസങ്ങൾ തിരിച്ചറിയും. ജി.പി.എസ് സംവിധാനമുള്ളതിനാൽ ലൊക്കേഷൻ വിവരം മൊബെെലിലേക്ക് എസ്.എം.എസായി വരും. എട്ടിലും ഒമ്പതിലും പഠിക്കുന്ന റിഷിൻഖാനും ആദിദേവും സ്കൂളിലെ റോബോട്ടിക് ക്ലാസിലെ വിവരങ്ങളും എ.ഐയുടെ സഹായത്തോടെയും ഒരു മാസമെടുത്താണ് തൊപ്പി തയ്യാറാക്കിയത്.
അയ്യയ്യോ... ചെളിമയം
കോഴിക്കോട്: തുലാവർഷത്തിനൊപ്പം സംഘാടകരുടെ അലംഭാവം കൂടിയായതോടെ ജില്ലാ സ്കൂൾ ശാസ്ത്രാത്സവത്തിന്റെ ആദ്യ ദിനം ചെളിയിൽ പുതഞ്ഞു. സ്റ്രിൽ മോഡലിംഗ്, വർക്കിംഗ് മോഡലിംഗ് എന്നിവ നടന്ന പ്രധാന വേദിയായ മീഞ്ചന്ത ജി.വി.എച്ച്.എസ്.എസിലും വർക്ക് എക്സ്പീരിയൻസ് മേള നടന്ന മീഞ്ചന്ത രാമകൃഷ്ണമിഷൻ ഹയർ സെക്കൻഡറിയിലും ചെളി നിറഞ്ഞതോടെ കാലെടുത്തുവെക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും ചെളിക്കെട്ട് ചാടിക്കടന്നാണ് മത്സര വേദികളികളിലെത്തിയത്. മത്സരാർത്ഥികളുടെ കൂടെ വന്ന രക്ഷിതാക്കൾക്ക് കയറിയിരിക്കാൻ ഒരു പന്തൽ പോലും സംഘാടകർ ഒരുക്കിയിരുന്നില്ല. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മണ്ണും ചളിയും നിറഞ്ഞ വരാന്തയിൽ ഇരിക്കാൻ പേപ്പർ പോലും സംഘാടകർ നൽകിയിരുന്നില്ല. രക്ഷിതാക്കൾ പരാതി പറഞ്ഞിട്ടും വേദി മാറ്റാൻ അധികൃതർ തയ്യാറായില്ല. പിന്നീട് രക്ഷിതാക്കൾ കുട്ടികൾക്ക് ന്യൂസ് പേപ്പർ സംഘടിപ്പിച്ചു നൽകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |