കൽപ്പറ്റ: ഇടതിനോട് മമത കാട്ടുമ്പോഴും വലതു മുന്നണിയെ കൈവിടാത്തവരായിരുന്നു മാനന്തവാടിയിലെ വോട്ടർമാർ. 2015ൽ മുനിസിപ്പാലിറ്റിയാവുന്നതിന് തൊട്ടുമുമ്പ് ഇടതുകോട്ട പിളർത്തി ഭരണം യു.ഡി.എഫിന്റെ കൈകളിലെത്തി. എന്നാൽ ആദ്യ മുനിസിപ്പാലിറ്റി ഭരണം എൽ.ഡി.എഫിന് സമ്മാനിച്ചു. പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്ത ചെയർപേഴ്സൺ പദവിയിലേക്ക് സി.പി.എമ്മിന്റെ യുവരക്തം വി.ആർ.പ്രവീജ് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, 2020ലെ തിരഞ്ഞെടുപ്പിൽ വോട്ടർമാർ എൽ.ഡി.എഫിനെ കൈവിട്ടു. സി.കെ.രത്നവല്ലിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തി. പഞ്ചായത്തായിരുന്നപ്പോൾ മാവറ വർക്കി, ഇ.എം.ശ്രീധരൻ മാസ്റ്റർ,കെ.രാജൻ, ശാരദാ സജീവൻ എന്നിവരായിരു ന്നു എൽ.ഡി.എഫ് പ്രസിഡന്റുമാർ. മാനന്തവാടി മുനിസിപ്പാലിറ്റിയാവുന്ന അവസാന ഘട്ടത്തിൽ അധികാരം പിടിച്ച യു.ഡി.എഫ് കോൺഗ്രസ് ധാരണപ്രകാരം അഡ്വ ഗ്ളാഡീസ് ചെറിയാനും സിൽവി തോമസിനും പ്രസിഡന്റ് പദവി വീതിച്ചു നൽകി. 2025ൽ ഭരണം നിലനിർത്താനും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുമുളള ഇടതുവലതു പോരാട്ടമാണ് വീര കേരള വർമ്മ പഴശ്ശിരാജ അന്ത്യ വിശ്രമം കൊളളുന്ന മണ്ണിൽ നടക്കുന്നത്. അക്കൗണ്ട് തുറക്കാനുറച്ച് എൻ.ഡി.എയുമുണ്ട്.
സി.കെ.രത്നവല്ലി
(മുനിസിപ്പാലിറ്റി
ചെയർപേഴ്സൺ)
വികസനം വന്ന
അഞ്ചുവർഷം
എല്ലാ മേഖലകളിലും വികസനം കൊണ്ടുവന്നു.ആനുകൂല്യങ്ങൾ അർഹതപ്പെട്ട കൈകളിലെത്തിച്ചു. ഇരുട്ടിലായിരുന്ന മാനന്തവാടി നഗരത്തെ പ്രകാശമയക്കി. ചൂട്ടക്കടവിൽ വാതകശ്മശാനം യാഥാർത്ഥ്യമാക്കി. ക്ലബ്ബുകുന്നിൽ പുതിയ മുനിസിപ്പൽ ഓഫീസ് നിർമ്മിച്ചു. പിലാക്കാവിലെ ഇന്ദിരാഗാന്ധി അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററും പയ്യമ്പള്ളിയിലെ ഇന്ദിരാഗാന്ധി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളും ഗ്രാമീണജനതയ്ക്ക് ആശ്വാസം നൽകുന്നതാണ്. പയ്യമ്പള്ളിയിൽ മേഖലാ ഓഫീസ് തുറന്നു. ബസ് സ്റ്റാൻഡ്, ഗാന്ധിപാർക്ക്, എരുമത്തെരുവ് എന്നിവിടങ്ങളിൽ പുതിയ പൊതു ടോയ്ലറ്റുകൾ തുറന്നു. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് കഞ്ഞിപ്പുരയും ടോയ്ലറ്റുകളും നിർമ്മിച്ചു.
അടിമുടി
അഴിമതി
കെ എം അബ്ദുൾ ആസിഫ്
( പ്രതിപക്ഷ നേതാവ്)
107 ലാപ്‌ടോപ്പുകൾ വാങ്ങിയതിൽ മുപ്പതു ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തി വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പോസ്റ്റുകളിൽ 1300 രൂപ ചെലവഴിച്ച് പ്രവർത്തിപ്പിക്കാൻ പറ്റുമായിരുന്ന തെരുവു വിളക്കുകൾക്ക് 3800 രൂപയും അതിനു മുകളിലുമാണ് ചെലവാക്കിയത്. 25000 രൂപയ്ക്ക് സ്ഥാപിക്കാൻ സാധിക്കുമായിരുന്ന വിളക്കുകാലിനായി ചെലവാക്കി എന്നു പറുന്നത് 70000 രൂപ.സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാനിനെ അവഗണിച്ചു. നഗരസഭയ്ക്ക് 45000 രൂപ വരുമാനം ലഭിച്ചിരുന്ന കടമുറികൾ ഇല്ലാതാക്കി. നഗരത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളെല്ലാം ഗതാഗതഗയോഗ്യമാക്കിയത് മണ്ഡലം എം.എൽ.എയായ മന്ത്രി ഒ.ആർ. കേളുവിന്റെ ശ്രമഫലമായാണ്. മുനിസിപ്പാലിറ്റി ഓഫീസ് നിർമിക്കുന്നതിനായി സർക്കാർ മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. യഥാസമയം വിശദമായ പദ്ധതിരേഖ സമർപ്പിക്കാതെ തുക നഷ്ടപ്പെടുത്തി. വിവിധ പദ്ധതികളിലൂടെ നൽകേണ്ടിയിരുന്ന നാലുകോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.
കെട്ടുറപ്പില്ലാത്ത
ഭരണം
സുമ രാമൻ
(ബി.ജെ.പി മണ്ഡലം പ്രസിഡന്റ് )
മാനന്തവാടി മുനിസിപ്പാലിറ്റി കാഴ്ചവെച്ചത് കെട്ടുറപ്പില്ലാത്ത ഭരണമായിരുന്നു. പരസ്പരം പഴിചാരലുകൾക്കിടയിൽ വികസന പ്രവർത്തനങ്ങൾ പാടെ മറന്നു. എങ്ങനെ അഴിമതി നടത്താമെന്നായിരുന്നു ഭരണ സമിതിയുടെ ആലോചന. ഇതിൽനിന്ന് വ്യത്യസ്തമായ മാതൃക കൊണ്ടുവരണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. സാധാരണക്കാരുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കും. നിരവധി കേന്ദ്ര പദ്ധതിയിലൂടെ മാറുന്ന വികസിത മുനിസിപ്പാലിറ്റിയാക്കും. എല്ലാ വാർഡുകളിലും എൻ.ഡി.എ സ്ഥാനാർത്ഥി ഉണ്ടാവും. മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്യും. നിരവധി വാർഡുകളിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്യും.
കക്ഷിനില
യുഡിഎഫ്20
എൽഡിഎഫ്16
വാർഡ്
(2020) -36
വാർഡ്
(2025)-37
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |