കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. അഞ്ച് കമ്മിറ്റികളും ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് . എന്നാൽ അട്ടിമറി നടന്നാൽ ഒരെണ്ണമെങ്കിലും കരസ്ഥമാക്കാനാവുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. ജനുവരി അഞ്ചിന് വനിത സംവരണം പൂർത്തിയായിരുന്നു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ചട്ട പ്രകാരം വെസ് പ്രസിഡന്റാണ് ചെയർമാൻ. മറ്റു നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളിലും യു.ഡി.എഫ് അംഗങ്ങൾക്ക് മുൻതൂക്കമുള്ളതിനാൽ അവയുടെ ചെയർമാൻമാൻ സ്ഥാനവും യു.ഡി.എഫിന് ലഭിക്കാനാണ് സാദ്ധ്യത. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉള്ള്യേരി ഡിവിഷനിൽ നിന്ന് ജയിച്ച മുസ്ലിംലീഗിലെ റീമ കുന്നുമ്മലും ആരോഗ്യ- വിദ്യാഭ്യാസ ചെയർമാൻ സ്ഥാനത്തേക്ക് മേപ്പയ്യൂർ ഡിവിഷനിൽ നിന്ന് ജയിച്ച കോൺഗ്രസിലെ മുനീർ എരവത്തും പൊതുമരാമത്ത് സ്റ്റാൻഡിംഗ് അദ്ധ്യക്ഷയായി നരിക്കുനി ഡിവിഷനിലെ പ്രതിനിധി ബാലാമണി ടീച്ചറും ക്ഷേമകാര്യ അദ്ധ്യക്ഷയായി ഓമശ്ശേരി ഡിവിഷനിൽ നിന്നും ജയിച്ച ബൽക്കീസ് ടീച്ചറും വിജയിക്കാനാണ് സാദ്ധ്യത. മറ്റു കമ്മിറ്റികളിലേക്കുള്ള ജയസാദ്ധ്യത ഇല്ലാതാകുന്നത് ഒഴിവാക്കാൻ ഇരു മുന്നണികളും ധനകാര്യ കമ്മിറ്റിയിലേക്ക് നോമിനേഷൻ നൽകിയിരുന്നില്ല. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി വനിത സംവരണത്തിൽ എൽ.ഡി.എഫിലെ സി.എം യശോദയെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |