കോഴിക്കോട്: കെട്ടിടത്തിന്റെ സൺഷെയ്ഡ് സ്ലാബ് തകർന്ന് നാലുപേർ മരിച്ച സംഭവത്തിൽ പ്രതിഷേധം അലയടിച്ചു.
പൊളിച്ചു നീക്കേണ്ട കെട്ടിടത്തിന് പ്രവർത്തനാനുമതി നൽകിയത് കോർപ്പറേഷൻ മുൻ ഭരണസമിതിയുടെ അനാസ്ഥയാണെന്നാരോപിച്ച് ബി.ജെ.പി,യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ മേയറുടെ ചേമ്പർ ഉപരോധിച്ച ബി.ജെ.പി പാർട്ടി ലീഡർ നമ്പിടി നാരായണൻ, കൗൺസിലർ നവ്യ ഹരിദാസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു.മേയറുടെ ചേംമ്പറിനുള്ളിലെത്തിയ കൗൺസിലർമാർ മേയറുടെ മേശയിൽ കറുത്ത തുണി വിരിച്ച് മുദ്രാവാക്യം മുഴക്കി.ഈ സമയം മേയർ അവിടെയുണ്ടായിരുന്നില്ല. ഇതിനിടെ കോർപ്പറേഷൻ ഓഫീസിന് പുറത്ത് ബി.ജ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കോർപ്പറേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.
ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊളിച്ചു നീക്കേണ്ട കെട്ടിടത്തിന് പ്രവർത്താനുമതി നൽകിയത് കോർപ്പറേഷൻ മുൻ ഭരണസമിതിയുടെ അനാസ്ഥയാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിനു പിന്നാലെ വലിയങ്ങാടിയിലെ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വലിയങ്ങാടിയിൽ നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും ഇതര ജില്ലകളിലേക്കുമുള്ള ചരക്ക് നീക്കം തടസപ്പെട്ടു. ഇന്ന് മുഴുവൻ സമയവും ദുഃഖാചരണത്തിന്റെ ഭാഗമായി വലിയങ്ങാടിയിൽ കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
ബീച്ച് ആശുപത്രിയിൽ തർക്കം
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ കെട്ടിടം തകർന്ന് നാലുപേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബീച്ച് ആശുപത്രിയിൽ തർക്കം. മൂന്നാളുകളുടെ മൃതദേഹം ബീച്ച് ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ് മോർട്ടത്തിനും സൗകര്യമില്ലെന്നായിരുന്നു ആക്ഷേപം. കൂടിയ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. മരണമുണ്ടായ സംഭവം കുറ്റം പറയാനുള്ള അവസരമാക്കരുതെന്നും സംഭവത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും ചിലർ അഭിപ്രായപ്പെട്ടു. വസ്തുതകളാണ് പറഞ്ഞതെന്നും പോരായ്മകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മറ്റു ചിലരും രംഗത്തെത്തിയതോടെ തർക്കമായി. ആശുപത്രി പ്രവേശന കവാടത്തിലായിരുന്നു തർക്കം. പത്തു മിനിറ്റിന് ശേഷമാണ് തർക്കം അവസാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |