കോഴിക്കോട്: വലിയങ്ങാടിയിൽ കോർപ്പറേഷൻ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് നാലുപേർ മരിച്ചതിനു പിന്നാലെ വലിയങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ സൺഷെയ്ഡും തകർന്ന പശ്ചാത്തലത്തിൽ പഴയ കെട്ടിടങ്ങളുടെ സമഗ്ര പരിശോധന വേണമെന്ന നിർദ്ദേശവുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. വലിയങ്ങാടി വാടിയിൽ ലൈനിലെ ഉമ്മറിന്റെ കെട്ടിടത്തിലെ സൺഷെയ്ഡ് തകർന്ന സ്ഥലം ഇന്നലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ എൻ.രേഖ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സന്ദർശിച്ചു. തുടർന്ന് കാലപ്പഴക്കമുള്ള എല്ലാ കെട്ടിടങ്ങളും പരിശോധിക്കണമെന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കോർപ്പറേഷനോട് സമഗ്ര പരിശോധന ആവശ്യപ്പെട്ടേക്കും. അപകടകരമായ കെട്ടിടങ്ങളിലുള്ളവരെ ഒഴിപ്പിക്കും. ബസ് സ്റ്റാൻഡ് പോലെ കൂടുതൽ ആളുകളെത്തുന്ന സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷ ഓഡിറ്റ് നടത്തും. ഇതിനകം കോർപ്പറേഷൻ തുടങ്ങിയ പരിശോധനയിൽ കാരപ്പറമ്പ് മത്സ്യ മാർക്കറ്റും പുതിയങ്ങാടി മാർക്കറ്റും അൺഫിറ്റാണെന്ന് കണ്ടെത്തി. പരിശോധന തുടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബസ് സ്റ്റാൻഡ് ഉൾപ്പെടെ തകർന്നുവീഴാറായ നിരവധി കെട്ടിടങ്ങളുണ്ട്. അഞ്ചും ആറും പതിറ്റാണ്ട് പഴക്കമുള്ളവയാണ് നഗരത്തിലെ കെട്ടിടങ്ങൾ പലതും.
കോർപ്പറേഷൻ മുൻ ഭരണസമിതി കാലപ്പഴക്കം ചെന്ന ആറോളം കെട്ടിടങ്ങൾ ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു. അതിൽ ഇപ്പോൾ തകർന്ന വലിയങ്ങാടിയിലെ കെട്ടിടവുമുണ്ട്.പഴക്കമേറെയുള്ള കെട്ടിടങ്ങൾ നിലനിറുത്തി 20 വർഷം വരെ പഴക്കമുള്ളവ പൊളിക്കുന്നതാണ് നഗരസഭയുടെ രീതിയെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആക്ഷേപം.
ഇപ്പോൾ തകർന്നുവീഴുമെന്ന നിലയിലാണ് മാനാഞ്ചിറയിലെ ജില്ല രജിസ്ട്രാർ ഓഫീസ്. ഓടിട്ട പഴയ കെട്ടിടത്തിനു മുകളിൽ ചോർച്ച പരിഹരിക്കാൻ താർപായ വിരിച്ചിരിക്കുകയാണ്. പഴകിയ വാതിലുകളും ജനലുകളുമാണുള്ളത്. ഇഴജന്തുക്കൾ കയറിയിറങ്ങാൻ സാദ്ധ്യതയുള്ള ഓഫീസിൽ ഫയലുകൾ സൂക്ഷിക്കാനുള്ള സൗകര്യവുമില്ല. ചിതൽ പിടിക്കാവുന്ന നിലയിലാണ് ഫയലുകൾ വച്ചിരിക്കുന്നത്.
രജിസ്ട്രാർ ജനറൽ, ഓഡിറ്റ് വിഭാഗങ്ങളും, ഉത്തരമേഖല ഡി.ഐ.ജി ഓഫീസും സബ് രജിസ്ട്രാർ ഓഫീസും ചിട്ടി രജിസ്ട്രേഷൻ വിഭാഗവുമെല്ലാം ഇവിടെ പ്രവർത്തിക്കുന്നു. രണ്ടു പേർക്ക് ഇരിക്കാവുന്ന ഒരു ചായ്പാണ് ഉത്തരമേഖല ഡി.ഐ.ജി ഓഫീസ്. നഗരഹൃദയത്തിലുള്ള രജിസ്ട്രേഷൻ ഓഫീസ് കോപ്ളക്സിന് പുതിയ കെട്ടിടം പണിതിട്ടുണ്ടെങ്കിലും അങ്ങോട്ട് മാറാനായിട്ടില്ല. 2023 മേയ് മന്ത്രി വി.എൻ വാസവനാണ് ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്തത്. വെെദ്യുതി കണക്ഷനും കിട്ടിയിട്ടില്ല.
പഴക്കമുള്ള ചില കെട്ടിടങ്ങൾ
മൊയ്തീൻപള്ളി റോഡി ലെ ന്യൂ ബസാർ, സെൻട്രൽ മാർക്കറ്റ്, നടക്കാവ് മാർക്കറ്റ്, പുതിയങ്ങാടി മാർക്കറ്റ്, കാരപ്പറമ്പ് മാർക്കറ്റ്, മെഡിക്കൽ കോളേജിലെ വേണാട് ബിൽഡിംഗ്, കോഴിക്കോട് ത്രിവേണി, സെൻട്രൽ മാർക്കറ്റിലെ ജവഹർ ബിൽഡിംഗ്, ബേപ്പൂർ ബസ് സ്റ്റാൻഡ്.
വലിയങ്ങാടിയിൽ വീണ്ടും കെട്ടിടം
തകർന്നു; ആളപായമില്ല
കോഴിക്കോട്: വലിയങ്ങാടിയിൽ ഇന്നലെ വീണ്ടും കെട്ടിടം തകർന്നു വീണു. ആളപായമില്ല. ഇന്നലെ രാവിലെ പത്തിനാണ് വാടിയിൽ ലൈനിലെ കുറ്റിച്ചിറ ഫർഹാനയിൽ പി.എൻ. ഉമ്മറിന്റെ 40വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്നത്. കഴിഞ്ഞദിവസം സൺഷെയ്ഡ് തകർന്ന കോർപ്പറേഷൻ കെട്ടിടത്തിന്റെ സമീപമായിരുന്നു അപകടം.
ഇന്നലെ അപകടമുണ്ടായ കെട്ടിടത്തിന്റെ ഒന്നാം നിലയിലും ഷീറ്റിട്ട സ്ഥലത്തുമായി മുപ്പതിലധികം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. കെട്ടിടത്തിനോട് ചേർന്ന് ഷീറ്റിട്ട ഭാഗത്തേക്കാണ് പത്തടിയുള്ള സ്ലാബിന്റെ പകുതി ഭാഗം തകർന്നുവീണത്. വീണ ഭാഗം കെട്ടിടത്തിൽ നിന്ന് വേർപെട്ട് തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു.
അപകടത്തിന് പത്ത് മിനിറ്റ് മുമ്പാണ് ഇവിടെയുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ പുറത്തേക്ക് പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിക്കാനും കെട്ടിടം പൂട്ടിയിടാനും ഉടമയോടും കോർപ്പറേഷനോടും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. കെട്ടിടം നവീകരിച്ച് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമേ കെട്ടിടം തുറക്കാവൂ എന്നും നിർദ്ദേശിച്ചിട്ടുണ്ട്. കെട്ടിടത്തിന് 30 വർഷത്തെ പഴക്കമുള്ളതായാണ് ഉടമ പറയുന്നത്. ദുരന്തനിവാരണ അതോറിറ്റി വിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ. രേഖയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന് റിപ്പോർട്ട് നൽകി. തിങ്കളാഴ്ച രാവിലെയാണ് വലിയങ്ങാടിയിലെ കോർപ്പറേഷൻ കെട്ടിടത്തിലെ സൺഷെയ്ഡ് തകർന്ന് നാലുപേർ മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |