സുൽത്താൻ ബത്തേരി : മരിച്ച യുവകർഷകൻ വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവിനെ ആക്രമിച്ച കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്. ചൊവ്വാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം.
ശല്യക്കാരനായ കാട്ടാനയെ കൃത്യമായി തിരിച്ചറിഞ്ഞ് എം.ഒ.ഇ.എഫ് ആൻഡ് സി.സി നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാർഗ നിർദ്ദേ ശങ്ങളും പാലിച്ച് ഉൾക്കാട്ടിലേയ്ക്ക് തുരത്താനും വിജയിക്കാത്തപക്ഷം മാത്രമെ മയക്കുവെടിവെച്ച് പിടികൂടാൻ പാടുള്ളുവെന്നുമാണ് ഉത്തരവിലുള്ളത്.
കാട്ടാനയെ മയക്കുവെടിവെയ്ക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് ആനയുടെ ദൈനംദിന നീക്കങ്ങൾ നിരീക്ഷിച്ച ശേഷമെ മയക്ക് വെടിവെച്ച് പിടികൂടുന്ന നീക്കത്തിലേയ്ക്ക് കടക്കാവു. ആവശ്യമായ മൃഗപരിചരണം നൽകി കാട്ടാനയ്ക്ക് അധിക സമ്മർദ്ദം നൽകാതെ വേണം ജനവാസ മേഖലയിൽ നിന്ന് മാറ്റാനെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.പ്രമോദ് ജി.കൃഷ്ണൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കൃഷിയിടത്തിൽ ആനയിറങ്ങുന്നുണ്ടോ എന്ന് നോക്കാൻ വീട്ടിൽ നിന്ന്പുറത്തേയ്ക്ക് ഇറങ്ങിയ രജീവ് എന്ന യുവ കർഷകനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
കൃഷിയിടത്തിലേയ്ക്ക് പോയ ആളെ ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോൾ വീട്ടുകാരും സമീപ വാസികളും നടത്തിയ തെരച്ചിലിലാണ് രജീവിനെ തോട്ടത്തിൽ കിടക്കുന്നതായി കണ്ടത്. സമീപത്ത് ആന പരാക്രമം നടത്തിയതിന്റെ ചവിട്ടടിയും കാണാനുണ്ടായിരുന്നു. ഉടൻ രജീവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തെ തുടർന്നാണ് ആനയെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവ് ഇടേണ്ടിവന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |