കോഴിക്കോട്: ന്യായമായ വേതന വർദ്ധന ആവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) നേതൃത്വത്തിൽ നഴ്സുമാർ സമരവുമായി രംഗത്തിറങ്ങിയതോടെ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ സ്തംഭിച്ചു. രാവിലെ 10 മുതൽ കളക്ടറേറ്റിന് മുൻപിൽ നഴ്സുമാർ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി രണ്ടായിരത്തോളം നഴ്സുമാർ സമരത്തിൽ പങ്കെടുത്തു. 40, 000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്നലെ മുതൽ സമ്പൂർണ പണിമുടക്ക് ആരംഭിച്ചത്. മൂന്നുദിവസമായി സമരം തുടരുന്നുണ്ടെങ്കിലും ഇന്നലെ പൂർണമായി പണിമുടക്കുകയായിരുന്നു. സമരം അത്യാഹിത വിഭാഗം, ഐ.സി.യു എന്നിവയെ ബാധിച്ചതോടെ കിടത്തി ചികിത്സ, ശസ്ത്രക്രിയകൾ എന്നിവ പ്രതിസന്ധിയിലായി. നൂറുകണക്കിന് രോഗികൾക്ക് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നു. മിംസ്, ബേബി മെമ്മോറിയൽ, മേയ്ത്ര, ഇഖ്‌റ, മലബാർ, ശാന്തി, ഫാത്തിമ തുടങ്ങി ജില്ലയിലെ പ്രധാന ആശുപത്രികളിലെ നഴ്സുമാരെല്ലാം സമരത്തിനിറങ്ങി. പത്തിലധികം ചെറിയ ആശുപത്രികളുടെ പ്രവർത്തനം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. നാല് ആശുപത്രികളിൽ കിടത്തി ചികിത്സ നിർത്തി. ഈ ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിലല്ലാത്ത രോഗികളെ പ്രവേശിപ്പിക്കുന്നില്ല. വെന്റിലേറ്റർ ആവശ്യമില്ലാത്ത രോഗികളെ ഐ.സി.യുവിൽ നിന്ന് മാറ്റാൻ അധികൃതർ നിർബന്ധിതരാകുകയാണ്. യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ സമരം ഉദ്ഘാടനം ചെയ്തു. രാവിലെ തുടങ്ങിയ സമരം വൈകിട്ട് നാലുവരെ തുടർന്നു.
നഴ്സുമാരെ പിരിച്ചുവിട്ടു, സമരം കടുത്തു, തിരിച്ചെടുത്തു
നഴ്സുമാരുടെ സമരം അടിച്ചമർത്താനുള്ള സ്വകാര്യ മാനേജ്മെന്റ് പ്രതിനിധികളുടെ നീക്കത്തിൽ പ്രതിഷേധം ആളിക്കത്തി. ബേബി മെമ്മോറിയൽ ആശുപത്രിയിൽ അധികൃതരും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രണ്ട് കരാർ നഴ്സുമാരെ പിരിച്ചു വിടുകയും കൂടുതൽ പേർക്ക് നോട്ടീസ് നൽകുകയും ചെയ്തതോടെയാണ് സമരക്കാർ പ്രതിഷേധവുമായെത്തിയത്. തുടർന്ന് നഴ്സുമാരെ പിരിച്ചുവിട്ട നടപടി മരവിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. രാവിലെ കളക്ടറേറ്റിൽ നഴ്സുമാരുടെ സമരം ആരംഭിച്ചതു മുതൽ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. സമരത്തിനിറങ്ങിയ നഴ്സുമാരെ തടഞ്ഞുവെന്നും കെെയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും നഴ്സുമാർ പരാതിപ്പെട്ടു. പുതുതായി ജോലിക്ക് കയറിയ 25ഓളം നഴ്സുമാരെ അധികൃതർ ക്ലാസ് ഉണ്ടെന്നും പറഞ്ഞ് വിളിച്ചുവരുത്തുകയും പൂട്ടിയിടുകയും ചെയ്തെന്നായിരുന്നു ആരോപണം. ഇതിനെ തുടർന്ന് രാവിലെ ആശുപത്രിയിൽ നഴ്സുമാർ പ്രതിഷേധം നടത്തിയിരുന്നു. സമരം സംബന്ധിച്ച് മാനേജ്മെന്റിന് നോട്ടീസ് നൽകിയിരുന്നതായി യു.എൻ.എ ഭാരവാഹികൾ പറഞ്ഞു.
വയനാട്ടിലും
സമരം ശക്തം
കൽപ്പറ്റ: വേതന വർദ്ധന ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നഴ്സുമാർ നടത്തുന്ന സമരത്തിന് വയനാട്ടിൽ വീര്യം കൂടി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിന് മുന്നിൽ പണി മുടക്കിയ നഴ്സുമാർ കുത്തിയിരുപ്പ് സമരം നടത്തി.
മെഡിക്കൽ കോളേജിന്റെ മുന്നിലേക്ക് സമരം നടത്താൻ പൊലീസ് അനുവദിച്ചില്ല. ദിവസങ്ങളായി നടത്തുന്ന സമരം സംബന്ധിച്ച് ചർച്ചയ്ക്ക് മാനേജ് മെന്റ് തയ്യാറായിട്ടില്ല. സമരത്തെ നേരിടാൻ നഴ്സുമാർ ഒഴികെയുളളവരുടെ കൂട്ടായ്മ സ്വകാര്യ മെഡിക്കൽ കോളേജിൽ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ സമരത്തെ തങ്ങൾ എതിർക്കുന്നില്ലെന്നും സമര രീതിയോടാണ് എതിർപ്പെന്നും മാനേജ്മെന്റ് പറയുന്നു.ആശുപത്രിയിലേക്ക് സമരം വ്യാപിപ്പിക്കുകയാണെങ്കിൽ ജീവനക്കാരുടെ കൂട്ടായ്മ നേരിടുമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. വരും ദിനങ്ങളിൽ സമരം ശക്തമാകാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |