മഞ്ചേരി: മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ആരംഭിച്ച ഭൂമി ഏറ്റെടുക്കൽ നടപടി തുടരാൻ സർക്കാർ ഉത്തരവ്. ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് സമീപമുള്ള അഞ്ചര ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു എന്നാൽ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പൊതുവിധി അടിസ്ഥാനമാക്കിയാണ് സർക്കാർ പുതിയ ഉത്തരവിറക്കി തുടർ നടപടികളുമായി മുന്നോട്ട് പോകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരിയിലെത്തിയ റവന്യു വകുപ്പ് അധികൃതർ ഭൂവുടമകളുമായി സംസാരിച്ചു. ഭൂമിയുടെ അതിരുകളും പരിശോധിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിനായി മൂന്ന് വർഷം മുൻപ് സർക്കാർ 13.81 കോടി രൂപ അനുവദിച്ചിരുന്നു. റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിന്റെയും സർവേ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ഹോസ്റ്റൽ സമുച്ചയങ്ങൾക്ക് സമീപത്തായി കണ്ടെത്തിയ സ്ഥലത്തിന്റെ അതിർത്തി നിർണ്ണയിക്കുകയും ചെയ്തു. പിന്നീട് നഷ്ടപരിഹാരത്തിനായി ആദ്യഗഡുവായി 13 കോടിയും അനുവദിച്ചു. ഇതിന് ശേഷമായിരുന്നു ഭൂവുടമകൾ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചത്.
ഹോസ്റ്റൽ കെട്ടിടത്തിന്റെ പിറകിലായി കിടക്കുന്ന 23/38 മുതൽ 25/01 വരെ 17 സർവേ നമ്പറുകളിൽ 23 ഭൂഉടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. ഏറ്റെടുക്കുന്ന ഭൂമിയിൽ വെള്ളക്കെട്ടും കുളവും വീടുകളും കെട്ടിടങ്ങളുമുണ്ട്. ഭൂമിയേറ്റെടുക്കൽ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ തുക സർക്കാർ അനുവദിക്കും. നടപടികൾ പൂർത്തിയാക്കി നഷ്ടപരിഹാര തുക വിതരണം ചെയും. സ്ഥല പരിമിതികാരണം ബുദ്ധിമുട്ടിലായ മെഡിക്കൽ കോളേജിന് കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ സ്ഥലമേറ്റെടുപ്പ് കഴിയുന്നതോടെ സാദ്ധ്യമാവും.
നടപടി തുടരാൻ ഭൂഉടമകളുടെ സഹകരണം വേണം
മഞ്ചേരി: ഭൂമിയേറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഭൂവുടമകൾ നിയമനടപടി തുടർന്നാൽ തുടർനടപടികൾ പ്രതിസന്ധിയിലാകും. സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായി കണ്ണൂർ ഇരിട്ടി ഡോൺബോസ്‌കോ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ടിൽ ഭൂമി ഏറ്റെടുക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രദേശത്ത് വെള്ളം കെട്ടിനിൽക്കാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വയൽ നികത്തി കെട്ടിടം നിർമ്മിച്ചാൽ വെള്ളം കയറുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ ഭൂമി ഏറ്റെടുത്താൽ മെഡിക്കൽ കോളേജ് വികസനം ഇവിടെ മാത്രമായി ചുരുങ്ങുമെന്നും വിശാലമായ സ്ഥലം കണ്ടെത്തി അങ്ങോട്ടേക്ക് മാറ്റണമെന്നും ഭൂവുടമകൾ കോടതിയിൽ നേരത്തെ വാദിച്ചിരുന്നു മെഡിക്കൽ കോളേജ് വികസനത്തിന് വേട്ടേക്കോട് 50 ഏക്കർ ഭൂമി വിട്ടുനൽകാൻ ഉടമകൾ സന്നദ്ധത അറിയിച്ചിരുന്നു. 25 ഏക്കർ സൗജന്യമായും 25 ഏക്കർ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് നൽകാനുമാണ് ഉടമകൾ സന്നദ്ധത അറിയിച്ചിരുന്നത്. മെഡിക്കൽ കോളേജിന്റെ വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുമായിരുന്ന ഇക്കാര്യം സർക്കാർ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |