മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടർപട്ടികയിൽ ആകെ 2,32,381 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പട്ടികയിലെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദ് നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. 1,13,613 പുരുഷ വോട്ടർമാരും 1,18,760 വനിതാ വോട്ടർമാരും എട്ട് ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉൾപ്പെടുന്നതാണ് മണ്ഡലത്തിലെ പുതുക്കിയ വോട്ടർപട്ടിക. ഇതിൽ 7787 പേർ പുതിയ വോട്ടർമാരാണ്. 373 പ്രവാസി വോട്ടർമാരും 324 സർവീസ് വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹോം വോട്ടിംഗിന് അർഹരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 2302 പേരും 85 വയസ്സിനു മുകളിലുള്ള 1370 പേരും മണ്ഡലത്തിലുണ്ട്. ഭിന്നശേഷിക്കാരിൽ 316 പേരും മുതിർന്ന പൗരന്മാരിൽ 938 പേരുമാണ് വീട്ടിൽ വച്ച് വോട്ട് ചെയ്യാൻ അപേക്ഷ നൽകിയത്. ഇതുപ്രകാരം ഹോംവോട്ടിംഗിന് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. 16 വരെ ഇത് തുടരും.
ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡൽ പ്രീ സ്‌കൂളിലെ 42-ാം നമ്പർ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 120-ാം നമ്പർ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റർ 225-ാം നമ്പർ ബൂത്ത് എന്നിവയാണവ. ഏഴ് മേഖലകളിലായി 11 പ്രശ്ന സാദ്ധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ളിലെ മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ് കാസ്റ്റിംഗ് നടത്തും.
റിസർവ് ഉൾപ്പെടെ 315 വോട്ടിംഗ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും. 316 പ്രിസൈഡിംഗ് ഓഫീസർമാർ, 975 പോളിംഗ് സ്റ്റാഫ്, 10 മൈക്രോ ഒബ്സർവർമാർ ഉൾപ്പെടെ 1301 പോളിംഗ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും പരിശീലനം നൽകി വരികയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി 384 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിവിധ ടീമുകൾ നിലവിൽ മണ്ഡലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ഇലക്ഷൻ ഓഫീസറുടെ കീഴിൽ 25 നോഡൽ ഓഫീസർമാർ, 29 സെക്ടറൽ ഓഫീസർമാർ, 29 സെക്ടറൽ അസിസ്റ്റന്റ്, മൂന്ന് ട്രെയിനിംഗ് പേഴ്സണൽസ്, 263 ബി.എൽ.ഒമാർ പ്രവർത്തിക്കുന്നു. 25 സ്‌ക്വാഡുകൾ മണ്ഡലത്തിൽ നിരീക്ഷണം നടത്തുന്നുണ്ട്. 10 സ്റ്റാറ്റിക് സർവൈലൻസ് ടീം, ഒമ്പത് ഫ്ളയിംഗ് സ്ക്വാഡ്, മൂന്ന് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ്, രണ്ട് വീഡിയോ സർവൈലൻസ് ടീം, ഒരു വീഡിയോ വ്യൂവിംഗ് ടീം എന്നിങ്ങനെയാണിത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൂന്ന് നിരീക്ഷകരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
വോട്ടെണ്ണൽ ദിനത്തിലേക്കായി കൗണ്ടിംഗ് സ്റ്റേഷനായ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ 14 ഇ.വി.എം കൗണ്ടിംഗ് ടേബിളുകളും 5 പോസ്റ്റൽ ബാലറ്റ്/സർവീസ് വോട്ട് കൗണ്ടിംഗ് ടേബിളുകളും സജ്ജീകരിക്കും. വോട്ടെണ്ണൽ ദിനത്തിൽ 21 വീതം കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സ്റ്റാഫുകളും 7 എ.ആർ. ഒമാരും ഉൾപ്പെടെ 91 കൗണ്ടിംഗ് സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗിനായി എട്ടുപേർ വീതമുള്ള 32 ഉദ്യോഗസ്ഥരേയും നിയോഗിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സി വിജിൽ ആപ്പിൽ 284 പരാതികൾ ലഭിക്കുകയും എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണെന്നും കളക്ടർ അറിയിച്ചു.
ഇ.വി.എം കമ്മിഷനിംഗിനുള്ള പരിശീലനം ജൂൺ 13 നും ഇവി എം കമ്മിഷനിങ് 14നും നടക്കും. ജൂൺ 16ന് വോട്ടിംഗ് മെഷീൻ വിതരണ ഉദ്യോഗസ്ഥർക്കും റൂട്ട് ഓഫീസർമാർക്കും ട്രെയിനിങ് നൽകും.
ബൂത്തുകളിലേക്കുള്ള സാമഗ്രികൾ ചുങ്കത്തറ മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സൂക്ഷിക്കുക. 18ാം തീയതി രാവിലെ എട്ടു മുതൽ ഉദ്യോഗസ്ഥർക്ക് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലാണ് വോട്ടിങ് യന്ത്രങ്ങൾ തിരികെയെത്തിക്കുക. തുടർന്ന് ഇവിടെ തന്നെ ഒരുക്കിയ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും. ഇതിനുള്ള ക്രമീകരണം സ്‌കൂളിൽ പൂർത്തിയായി. ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, സബ് കളക്ടർ എന്നിവർ സ്‌കൂളിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. പുലർച്ചെ 5.30 ന് മോക് പോൾ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |