നിലമ്പൂർ: ഏഴാംനാൾ നിലമ്പൂർ വിധി കുറിക്കുമെന്നിരിക്കെ ഉപതിരഞ്ഞെടുപ്പിന്റെ കളംപിടിക്കാൻ കച്ചമുറുക്കി മുന്നണികളും സ്ഥാനാർത്ഥികളും. വികസനം ചർച്ചയാക്കാനും സംസ്ഥാന സർക്കാരിനെതിരെയുള്ള വികാരം മുതലെടുക്കാനും യു.ഡി.എഫ് ശ്രമിക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമി, വെൽഫെയർ പാർട്ടി പിന്തുണ ചൂണ്ടിക്കാട്ടി വിമർശനശരം തീർക്കുകയാണ് എൽ.ഡി.എഫ്. മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥയും സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളും ചർച്ചയാക്കിയും ഇരുമുന്നണികളുടെയും ന്യൂനപക്ഷ പ്രീണനം ചൂണ്ടിക്കാട്ടിയുമാണ് എൻ.ഡി.എയുടെ പ്രചാരണം. പിണറായിസത്തിനെതിരെയും യു.ഡി.എഫിന്റെ നയങ്ങൾക്കുമെതിരെ മണ്ഡലത്തിൽ ഓടിനടന്ന് വോട്ടഭ്യർത്ഥിക്കുകയാണ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവർ. ഇന്നലെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ അതിന് മുമ്പേ പരമാവധി വോട്ടർമാരെ നേരിൽ കാണാൻ കഴിയും വിധം പ്രചാരണത്തിന് മാറ്റം വരുത്തിയിട്ടുണ്ട് മുന്നണികൾ.
നിലമ്പൂരിൽ എം. സ്വരാജിന്റെ തിരഞ്ഞെടുപ്പ് പര്യടനം
നിലമ്പൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിന്റെ തിരഞ്ഞെടുപ്പ് പര്യടനം രാമംകുത്തിൽ നിന്ന് ആരംഭിച്ചു. കെ.കെ.ശൈലജ പര്യടനം ഉദ്ഘാടനം ചെയ്തു. ൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അവർ വിശദീകരിച്ചു.രാവിലെ രാമംകുത്തിൽ തടിച്ചുകൂടിയ വോട്ടർമാരുടെയും പാർട്ടി പ്രവർത്തകരുടെയും ആവേശകരമായ പങ്കാളിത്തത്തോടെയാണ് പര്യടനത്തിന് തുടക്കമായത്. എ
തുടർന്ന് എം. സ്വരാജ് രാമംകുത്തിലെ വോട്ടർമാരുമായി സംവദിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി. അവയ്ക്ക് പരിഹാരം കാണാൻ പ്രതിജ്ഞാബദ്ധനാണെന്ന് ഉറപ്പ് നൽകി.
പ്രിയങ്ക ഗാന്ധി ഇന്ന് നിലമ്പൂരിൽ
നിലമ്പൂർ: എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്കഗാന്ധി യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് വോട്ട് അഭ്യർത്ഥിച്ച് ഇന്ന് നിലമ്പൂരിൽ പ്രചാരണം നടത്തും. വൈകിട്ട് മൂന്നിന് മൂത്തേടത്തും നാലിന് നിലമ്പൂരും റോഡ്‌ഷോയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |