
നവാഗതനായ ജിതിൻ ടി സുരേഷ് സംവിധാനം ചെയ്ത ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് വേഷത്തിലെത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് 'ധീരം'. ഇന്ദ്രജിത്തിനു പുറമേ ദിവ്യ പിള്ള, അജു വർഗീസ്, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ തുടങ്ങിയ താരങ്ങളും സിനിമയിൽ അണിനിരക്കുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ഇപ്പോഴിതാ റിലീസുമായി ബന്ധപ്പെട്ട് തിയറ്റർ വിസിറ്റിനെത്തിയ അണിയറ പ്രവർത്തകർക്ക് നേരെ ഒരു പ്രേക്ഷകൻ സിനിമ മോശമാണെന്ന് പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരോട് സംവിധായകൻ ജിതിൻ അഭിപ്രായം ആരാപ്പോഴാണ് സംഭവം. പ്രേക്ഷകനും അണിയപ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു.
'വളരെ മോശം സിനിമയാണിത്. ഞങ്ങളുടെ പെങ്ങന്മാരും കുഞ്ഞുങ്ങളും ഒക്കെ കാണുന്ന സിനിമയാണ്. ഇത് ഇങ്ങനെ കാണിച്ചത് തെറ്റായിപ്പോയി. സമൂഹത്തിൽ ഇങ്ങനെ കാണിക്കരുത്. എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല, ഇത് എന്റെ അഭിപ്രായമാണ്. വളരെ മോശം.' ഇങ്ങനെയായിരുന്നു പ്രേക്ഷകന്റെ പ്രതികരണം.
എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ പൂർണ്ണമായും പിന്തുണച്ച് ചിത്രത്തിന്റെ നായികയായ ദിവ്യ പിള്ള രംഗത്തെത്തിയതും ശ്രദ്ധേയമായി. സാഹചര്യം ഉടൻ മനസിലാക്കിയ നടി ദിവ്യ പിള്ള വിഷയത്തിൽ ഇടപെട്ട് പ്രേക്ഷകന്റെ അഭിപ്രായത്തെ ന്യായീകരിക്കുകയായിരുന്നു.
സിനിമയെക്കുറിച്ച് വിമർശനം പറയാൻ പ്രേക്ഷകന് പൂർണ്ണമായും അവകാശമുണ്ടെന്ന് ദിവ്യ പിള്ള വ്യക്തമാക്കിയതോടെയാണ് തർക്കം അവസാനിച്ചത്. 'നെഗറ്റീവ് പറയുന്നതിന് കുഴപ്പമില്ല. സിനിമ കാണുന്ന പ്രേക്ഷകന് അത് പറയാൻ അവകാശമുണ്ട്, അത് കുഴപ്പമില്ല. എല്ലാവരും നല്ലത് പറയണമന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ, കുറച്ചു നെഗറ്റീവ് കൂടി വരണ്ടേ, അത് ഓക്കേ ആണ്.' ദിവ്യ പിള്ള പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |