മലപ്പുറം: ബാലചൂഷണം തടയുക ലക്ഷ്യമിട്ട് വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 'ശരണബാല്യം' പദ്ധതി കഴിഞ്ഞ ഒന്നര വർഷത്തിനിടെ ജില്ലയിൽ തുണയായത് എട്ട് കുട്ടികൾക്ക്. ബാലവേലയിൽ ഏർപ്പെടുന്നവർ, തെരുവിൽ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായവർ എന്നിവർക്കാണ് ശരണബാല്യം പദ്ധതി തുണയാകുന്നത്. ഈ വർഷം പദ്ധതിയുടെ ഭാഗമായി നടത്തിയ 16 സ്പെഷ്യൽ ഡ്രൈവുകളിലായി മൂന്ന് കുട്ടികൾക്കാണ് പുനരധിവാസം നൽകിയത്. കഴിഞ്ഞ വർഷം നടത്തിയ 27 സ്പെഷ്യൽ ഡ്രൈവുകളിലായി അഞ്ച് കുട്ടികൾക്കും പുനരധിവാസം നൽകി.
വനിതാശിശു വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ കീഴിൽ റെസ്ക്യൂ ഓഫീസർമാരെ നിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, പൊലീസ്, എക്സൈസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രവർത്തനം.
സംസ്ഥാനത്തുടനീളം കുട്ടികൾ ബാലവേലയ്ക്ക് ഇരയാവാൻ സാദ്ധ്യതയുള്ള 140 ഹോട്ട്സ്പോട്ടുകളാണ് പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിലൂടെ കണ്ടെത്തിയത്. മലപ്പുറം ജില്ലയിൽ ഒൻപത് ഹോട്ട്സ്പോട്ടുകളാണുള്ളത്. ഉത്സവ സ്ഥലങ്ങൾ, കമ്പനികൾ, തോട്ടങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുള്ളത്. അതിനാൽ, ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ശരണബാല്യം പദ്ധതിയുടെ ഭാഗമായി കണ്ടെത്തുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുമ്പാകെ എത്തിക്കും. ഇതര സംസ്ഥാനങ്ങളിലെ കുട്ടികളാണെങ്കിൽ അതത് സംസ്ഥാനങ്ങളിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്ക് എത്തിക്കും. അതിന് സാധിക്കാത്തവരുടെ സംരക്ഷണം വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |