മലപ്പുറം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഈ വർഷം നടത്തിയ പരിശോധനയിൽ ജൂൺ വരെ 3,296 പരിശോധനകളിലായി 16.39 ലക്ഷം രൂപ ഈടാക്കി. ഭക്ഷണശാലകളുടെ നിലവാരം, ശുചിത്വം, ലൈസൻസ്, ഗുണമേന്മ എന്നിവയിൽ പിഴവ് കണ്ടെത്തിയതിനാണ് പിഴ ഈടാക്കിയത്. ജൂണിലാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്, 3.37 ലക്ഷം രൂപ. 462 പരിശോധനകളാണ് നടന്നത്. ജനുവരിയിൽ 730 പരിശോധനകളിലായി 2.91 ലക്ഷം പിഴ ഈടാക്കി. ഫെബ്രുവരിയിൽ 547 പരിശോധനകളിലായി 3.12 ലക്ഷമാണ് പിഴ. മാർച്ചിൽ 982 പരിശോധനകളിലായി 25.90 ലക്ഷം പിഴ ഈടാക്കി. ഏപ്രിലിൽ 278 പരിശോധനകളിലായി 2.27 ലക്ഷവും മേയ് മാസത്തിൽ 297 പരിശോധനകളിലായി 2.13 ലക്ഷവും പിഴ ഈടാക്കി.
പ്രവർത്തന നിലവാരത്തിൽ കുറവ് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ആർ.ഡി.ഒ കോടതി വഴിയും സുരക്ഷിതമല്ലാത്ത ഭക്ഷണം പിടികൂടിയ സ്ഥാപനങ്ങൾക്ക് ക്രിമിനൽ കോടതി വഴിയും അധികൃതർ നടപടിയെടുത്തു. കഴിഞ്ഞ വർഷം ജില്ലയിൽ ആകെ നടത്തിയ 4,424 പരിശോധനകളിലായി 35.39 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്.
ശ്രദ്ധ വേണം
എല്ലാ ഭക്ഷണ നിർമ്മാണ വ്യാപാരികളും ലൈസൻസ്, രജിസ്‌ട്രേഷൻ എടുത്തിരിക്കണം. ശീതള പാനീയങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ശുദ്ധമായ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിൽ എലി അടക്കമുള്ളവ വരാതിരിക്കാൻ ശ്രദ്ധിക്കണം. പാഴ്സലുകളിൽ കൃത്യമായി സമയവും തീയതിയും രേഖപ്പെടുത്തണം. ശുചിത്വമുള്ള ചുറ്റുപാടിൽ ഭക്ഷണം വിൽപ്പന നടത്തണം. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് വേണം വിൽപ്പന നടത്താൻ. അല്ലാത്തപക്ഷം, കർശന നടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരും.
സുജിത് പെരേര, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ
ആകെ പരിശോധന - 3,296
ആകെ പിഴ - 16.39 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |