കൊണ്ടോട്ടി: യാത്രക്കാർക്ക് മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടെ കരിപ്പൂർ കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സംഘടിപ്പിച്ച 'യാത്രി സേവ ദിവസ്' വ്യത്യസ്ഥ അനുഭവമായി.
യാത്രക്കാർക്ക് മികച്ചതും മാതൃകാപരവുമായ സേവനം ജീവനക്കാരിൽ നിന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിമാനത്താവള അതോറിറ്റി ഒഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരമായിരുന്നു പ്രത്യേക ദിനാചരണം.
രാവിലെ ആറിന് ആരംഭിച്ച ആഘോഷങ്ങളിൽ വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ ജീവനക്കാർ താലപ്പൊലിയും പൂക്കളുമായി കേരളീയ തനിമയിൽ സ്വീകരിച്ചു. മധുരവും നൽകി.
പരിപാടിയുടെ ഭാഗമായി ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ വനിത ജീവനക്കാരുടേയും ജീവനക്കാരുടെ ഭാര്യമാരുടേയും കൂട്ടായ്മയായ 'കല്യാൺ മയീ' അവതരിപ്പിച്ച തിരുവാതിരക്കളിയും യാത്രക്കാരെ ആകർഷിച്ചു.
യാത്രക്കാരായ കുട്ടികൾക്ക് കളറിംഗ് മത്സരവുമുണ്ടായി.
ദിനാചരണത്തോടനുബന്ധിച്ച് യാത്രക്കാർക്കും ജീവനക്കാർക്കുമായി സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ആരോഗ്യ പരിശോധന ക്യാമ്പ് വിമാനത്താവള ഡയറക്ടർ മുനീർ മാടമ്പാട്ടും വൃക്ഷത്തൈ നടീൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ബാസ്, കൊണ്ടോട്ടി നഗരസഭ ഉപാദ്ധ്യക്ഷൻ അഷ്റഫ് മടാൻ എന്നിവർ ഉദ്ഘാടനം ചെയ്തു. വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ആരോഗ്യ പരിശോധനാ ക്യാമ്പിൽ 110 പേരും നേത്ര പരിശോധന ക്യാമ്പിൽ 83 പേരും പങ്കാളികളായി. മഞ്ചേരി മെഡിക്കൽ കോളജുമായി ചേർന്ന് നടത്തിയ രക്ത ദാന ക്യാമ്പിൽ യാത്രക്കാരും ജീവനക്കാരും സുരക്ഷ സൈനികരുമുൾപ്പെടെ 48 പേർ രക്തം നൽകി.
കൊട്ടപ്പുറം ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളും ആഘോഷത്തിൽ പങ്കെടുത്തു. വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥികൾക്കായി സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഏവിയേഷൻ കരിയർ ഗൈഡൻസും സംഘടിപ്പിച്ചു. വിമാനത്താവള അധികൃതർ പ്രത്യേക പരിഗണനയർഹിക്കുന്നവർ പഠിക്കുന്ന ബഡ്സ് സ്‌കൂളും പുളിക്കലിലെ എബിലിറ്റി ക്യാമ്പസും സന്ദർശിച്ചു. എബിലിറ്റി ക്യാമ്പസിന് രണ്ട് വീൽ ചെയറുകളും കൈമാറി.
യാത്രി സേവ ദിവസിലെ ഊർജ്ജവും സന്തോഷവും യാത്രക്കാരുമായുള്ള മികച്ച ബന്ധവും വരും ദിവസങ്ങളിലും നിലനിറുത്തുകയാണ് ലക്ഷ്യം. ദിനാചരണത്തിൽ മികച്ച പ്രതികരണമായിരുന്നു യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായത്.
മുനീർ മാടമ്പാട്ട്
വിമാനത്താവള ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |