പൊന്നാനി:പൊന്നാനിയിലെ കണ്ടൽകാടുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. പ്രദേശത്തെ കണ്ടൽകാടുകൾ പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും തീരദേശ ജനവാസത്തിനും വലിയൊരു കരുത്താണ്. എന്നാൽ സംരക്ഷിക്കപ്പെടാതെ നശിച്ചു പോകുന്ന അവസ്ഥയിലാണ് നിലവിൽ പൊന്നാനിയിലെ കണ്ടൽക്കാടുകൾ. തിരമാലകളും കൊടുങ്കാറ്റുകളും മൂലം ഉണ്ടാകുന്ന തീരദേശ ഇടിച്ചിൽ കുറയ്ക്കുന്നതിനു സഹായകമാണ് ഈ കണ്ടൽക്കാടുകൾ. ഒട്ടനവധി ജൈവ വൈവിധ്യം നില കൊള്ളുന്ന ഈ സ്ഥലത്ത് നിരവധി മത്സ്യങ്ങൾ, ഞണ്ട്, പക്ഷികൾ തുടങ്ങി അനേകം ജീവികളുടെ അഭയകേന്ദ്രം കൂടിയാണ്. കാർബൺ ശോഷണം, ഗ്രീൻഹൗസ് വാതകങ്ങൾ നിയന്ത്രിക്കുന്നതിൽ ഇത്തരം കണ്ടൽക്കാടുകൾ വലിയ പങ്ക് വഹിക്കുന്നതായി വിദഗ്ദർ പറയുന്നു. കണ്ടൽവൃക്ഷങ്ങൾ വെട്ടിമാറ്റപ്പെടുന്നതു പരിസ്ഥിതിയെ വലിയ തോതിൽ ബാധിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം ഇവിടെ നിറഞ്ഞ അവസ്ഥയിലാണ്.
വരും കാലത്ത് കടൽക്ഷോഭങ്ങളെ പിടിച്ചു നിറുത്താനും ജൈവ വൈവിദ്ധ്യം കാത്തു സൂക്ഷിക്കാനും ഇത്തരം കണ്ടൽ കാടുകളുടെ സംരക്ഷണം അനിവാര്യമാണ്. ഇതിന് പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം വലിയ തോതിൽ വേണം. വെട്ടിമാറ്റപ്പെട്ട പ്രദേശങ്ങളിൽ കണ്ടൽവൃക്ഷങ്ങൾ വീണ്ടും നട്ടുപിടിപ്പിക്കുന്നതും പരിസ്ഥിതിക്ക് ഗുണം ചെയ്യും. നിയന്ത്രിത മത്സ്യബന്ധന ഇടങ്ങളായി മാറ്റി കണ്ടൽപ്രദേശങ്ങളിൽ സ്ഥിരമായ സംരക്ഷിത മേഖലകളാക്കണം. സമഗ്രമായ സംരക്ഷണ പ്രവർത്തനങ്ങൾ കൈക്കൊണ്ടാൽ മാത്രമേ അടുത്ത തലമുറയ്ക്ക് ഈ പ്രകൃതി സമ്പത്ത് നിലനിർത്താനാവൂ. ടൂറിസം രംഗത്ത് വലിയ സാദ്ധ്യതകൾ ഉറപ്പ് വരുത്തുന്ന രീതിയിൽ ഈമേഖലയെ പ്ലാസ്റ്റിക്മുക്തമാക്കി പ്രഖ്യാപിച്ചു ബയോ ടൂറിസത്തിന്റെ ഭാഗമാക്കണം.
കണ്ടൽകാടുകൾ സംരക്ഷിച്ചാൽ കടലാക്രമണത്തെ ചെറുക്കുവാനും ജൈവ വൈവിദ്ധ്യം കാത്തുസൂക്ഷിക്കാനും കഴിയും. കാസർഗോഡ് ഭാഗങ്ങളിൽ ഇത്തരം കണ്ടൽ ചെടികളുടെ വിത്തുകൾ ലഭിക്കും. ഇവ ഉപയോഗിച്ച് നശിച്ചതിന് പകരം പുതിയത് നടണം.
ജയദേവൻ
ആനക്കര ജിയോളജിസ്റ്റ്
പൊന്നാനി ഹാർബർ പരിസരത്തു നിലകൊള്ളുന്ന കണ്ടൽക്കാടുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |