മലപ്പുറം: ഒരുകാലത്ത് മലപ്പുറം പുളിയേറ്റുമ്മൽ പ്രദേശത്തുകാർക്ക് തീരാദുരിതം സമ്മാനിച്ച ട്രഞ്ചിംഗ് ഗ്രൗണ്ട് പൂവാടിയാവാനൊരുങ്ങുന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരമാണ് മലപ്പുറം നഗരസഭയിലെ അഞ്ചേക്കർ വരുന്ന പുളിയേറ്റുമ്മൽ ട്രെഞ്ചിംഗ് ഗ്രൗണ്ട് ആധുനിക യന്ത്രസംവിധാനങ്ങളുപയോഗിച്ച് മാലിന്യമുക്തമാക്കിയത്. ലോക ബാങ്കിന്റെയും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ ഇരുപത് നഗരഭരണ പ്രദേശങ്ങളിലാണ് മാലിന്യക്കൂനകൾ നീക്കം ചെയ്ത് ഭൂമി തിരിച്ചെടുക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരത്തിൽ ആദ്യമായി പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നത് മലപ്പുറം നഗരസഭയുടെ നേട്ടമാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ കൺവെൻഷൻ സെന്റർ, കോർട്ട്, ടർഫ് ഗ്രൗണ്ട്, പാർക്ക്, ഓപ്പൺ ജിം ഉൾപ്പെടെ സജ്ജമാക്കാനാണ് നഗരസഭയുടെ പദ്ധതി. അതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് ചെയർമാൻ മുജീബ് കാടേരി പറഞ്ഞു.
മലപ്പുറം നഗരസഭാപ്രദേശത്ത് നിന്ന് ശേഖരിച്ച മാലിന്യങ്ങൾ പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. മാലിന്യനിക്ഷേപം നിറുത്തിവച്ചിട്ടും സമീപവാസികൾക്ക് ഇത് ദുരിതമായി തുടർന്നു. ഈ സാഹചര്യത്തിലാണ് മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ തുടങ്ങിയത്. മാലിന്യമുക്തമാക്കി തിരിച്ചുപിടിച്ച ഭൂമി നിരപ്പാക്കുക കൂടി ചെയ്തതോടെ ഏത് തരം വികസന പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ പഴയ ട്രഞ്ചിംഗ് ഗ്രൗണ്ട് മാറിക്കഴിഞ്ഞു. പ്രദേശത്തെ കിണറുകളിലെല്ലാം ഇപ്പോൾ ശുദ്ധജലമാണെന്ന് പരിസരവാസികളും സാക്ഷ്യപ്പെടുത്തുന്നു.
പുളിയേറ്റുമ്മൽ ട്രഞ്ചിങ് ഗ്രൗണ്ടിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 11ന് രാവിലെ പത്തിന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.
ശാസ്ത്രീയമായി മാലിന്യനീക്കം
നാലടി താഴ്ചയിൽ മാലിന്യങ്ങൾ കുഴിച്ചെടുക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു.
10,800 മെട്രിക് ക്യൂബ് മാലിന്യമാണ് പുറത്തെടുത്ത് വേർതിരിച്ചത്.
കമ്പി, മണൽ, കല്ല് തുടങ്ങി വിവിധ വസ്തുക്കൾ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് വേർതിരിച്ചു.
വേർതിരിച്ച വസ്തുക്കൾ ഫാക്ടറികളിലേക്കും നിർമ്മാണ മേഖലയിലേക്കും സുരക്ഷിതമായി എത്തിക്കുകയാണ് ചെയ്യുന്നത്.
പ്ലാസ്റ്റിക് മാലിന്യം സിമന്റ് ഫാക്ടറികളിലെ ഫർണസുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |