നിലമ്പൂർ: ഏഷ്യയിലെ രണ്ടാമത്തെ ദീർഘദൂര കയാക്കിംഗ് യാത്രയായ ചാലിയാർ റിവർ പാഡിൽ ഇന്ന് മുതൽ 5 വരെ നടക്കും. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിക്കുന്നത്. നിലമ്പൂരിലെ മാനവേദൻ ഹയർസെക്കൻഡറി സ്‌ക്കൂളിന് സമീപത്തുള്ള കടവിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 2ന് ബോധവൽക്കരണ യാത്ര ആരംഭിക്കും. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.വി.അബ്ദുൽ വഹാബ് എം.പി യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. 5ന് വൈകിട്ട് 2ന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബ്ബിൽ യാത്ര സമാപിക്കും.
ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീർഘദൂര കയാക്കിംഗ് ബോധവൽക്കരണ യാത്ര പതിനൊന്നാം തവണയാണ് സംഘടിപ്പിക്കുന്നത്. വിവിധ തരം കയാക്കുകളിലും സ്റ്റാൻഡ് അപ്പ് പാഡിലിലും പായ് വഞ്ചിയിലും ചുരുളൻ വള്ളത്തിലുമായാണ് മൂന്നുദിവസത്തെ യാത്ര. രാജ്യത്തു നിന്നും വിദേശത്തു നിന്നുമായി 75 ആളുകളാണ് യാത്രയിൽ പങ്കെടുക്കുന്നത്. പത്ത് മുതൽ എഴുപത് വയസ് വരെയുള്ളവർ സംഘത്തിലുണ്ടാവും. ചാലിയാറിലൂടെ ഇവർ 68 കിലോമീറ്ററാണ് സഞ്ചരിക്കുക. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് കയാക്കിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |