മലപ്പുറം: സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ തിരഞ്ഞെടുത്ത രണ്ട് റൂട്ടുകളിൽ നവംബർ ഒന്ന് മുതൽ പരിക്ഷണാടിസ്ഥാനത്തിൽ ജിയോഫെൻസിംഗ് സംവിധാനം ഏർപ്പെടുത്തണമെന്ന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നിർദ്ദേശം നടപ്പിലാക്കാൻ കടമ്പകളേറെ. പദ്ധതി പ്രായോഗികമല്ലെന്ന ജില്ലാ ആർ.ടി.ഒ യോഗത്തിന്റെ അഭിപ്രായം സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. ബസ് ഉടമകളും കടുത്ത എതിർപ്പിലാണ്. നഗരങ്ങളിൽ അഞ്ച് മിനിറ്റും ഗ്രാമങ്ങളിൽ പത്ത് മിനിറ്റുമായി ബസുകൾ തമ്മിലുള്ള സമയദൈർഘ്യം ഉറപ്പാക്കുകയാണ് ജിയോഫെൻസിംഗിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ജില്ലയിൽ 1,600ഓളം ബസുകൾ സർവീസ് നടത്തുന്നുണ്ട്. പ്രധാന റൂട്ടുകളിൽ രണ്ട്, മൂന്ന് മിനിറ്റ് വ്യത്യാസത്തിൽ ബസുകളുണ്ട്. മഞ്ചേരിയിൽ നിന്ന് മലപ്പുറം, കോട്ടക്കൽ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പെരിന്തൽമണ്ണയിൽ നിന്ന് മലപ്പുറം, കോട്ടക്കൽ, കോഴിക്കോട് റൂട്ടുകളിലുമാണ് ഇത്തരത്തിൽ ബസുകളുള്ളത്. ഈ റൂട്ടുകളിൽ ബസുകൾ തമ്മിലെ സമയദൈർഘ്യം വർദ്ധിപ്പിച്ചാൽ നിലവിലുള്ള മൂന്നിലൊന്ന് ബസുകൾക്കേ സർവീസ് നടത്താനാവൂ. യാത്രക്കാർ ഏറെയുള്ള രാവിലെയും വൈകിട്ടും പ്രധാന റൂട്ടുകളിൽ മണിക്കൂറിൽ 20 മുതൽ 25 ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇത് പത്തിൽ താഴെയായി ചുരുങ്ങുമെന്നാണ് ബസുടമകളുടെ ആശങ്ക.
സ്വകാര്യ ബസുകളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും തടയുന്നതിന് സമയക്രമം പരിഷ്‌കരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ജിയോഫെൻസിംഗ് നടപ്പാക്കാനുള്ള സർക്കാരിന്റെ നീക്കം. ജി.പി.എസ് അധിഷ്ഠിതമായ ജിയോഫെൻസിംഗിലൂടെ വാഹനങ്ങളുടെ സഞ്ചാരപദം മോട്ടോർ വാഹന വകുപ്പിന് നിരീക്ഷിക്കാനാവും. റോഡിൽ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെൻസിംഗുകൾ ബസുകൾ കടന്നുപോവാനെടുത്ത സമയം രേഖപ്പെടുത്തും. വാഹനങ്ങളുടെ വേഗതയും കണ്ടെത്താനാവും.
അവ്യക്തകൾ ഏറെ
ജിയോഫെൻസിംഗ് സംവിധാനവുമായി ബസുകളെ എങ്ങനെ ബന്ധിപ്പിക്കുമെന്നും ഇതിന് വരുന്ന ചെലവ് സംബന്ധിച്ചും ബസ് ഉടമ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ വ്യക്തത വരുത്തിയിട്ടില്ല. ജിയോഫെൻസിംഗ് സംവിധാനം നിരീക്ഷിക്കാൻ ആർ.ടി.ഒ ഓഫീസുകളിൽ സംവിധാനം ഒരുക്കേണ്ടതുണ്ടെങ്കിലും ഇതുസംബന്ധിച്ചും നടപടികൾ അവശേഷിക്കുകയാണ്.
ബസ് ഉടമകളുടെ വാദമിങ്ങനെ
മഞ്ചേരിയിൽ നിന്ന് കോട്ടക്കൽ, തിരൂർ, പരപ്പനങ്ങാടി ബസുകൾ മലപ്പുറം വഴിയാണ് സർവീസ് നടത്തുക. ഇതുകൊണ്ടുതന്നെ മഞ്ചേരിയിൽ നിന്ന് മലപ്പുറത്തേക്ക് രണ്ട്, മൂന്ന് മിനിറ്റ് വ്യത്യാസത്തിലടക്കം ബസുകളുണ്ട്. വ്യത്യസ്ത റൂട്ടുകളിലേക്കുള്ള ഈ ബസുകൾക്ക് മലപ്പുറം വരെ സമയക്രമം ഏർപ്പെടുത്തിയാൽ മറ്റ് റൂട്ടുകളിലെ സർവീസുകളെ താളംതെറ്റിക്കും. പ്രധാന റൂട്ടുകളിൽ രാവിലെയും വൈകിട്ടും യാത്രക്കാരുടെ വലിയ തിരക്കാണ്. സമയക്രമം യാത്രാക്ലേശം വർദ്ധിക്കും. യാത്രാക്കുരുക്കും റോഡുകളുടെ ശോചനീയാവസ്ഥയും പരിഹരിച്ചാൽ തന്നെ ബസുകൾക്ക് അമിതവേഗമെന്ന പരാതി പരിഹരിക്കാൻ സാധിക്കുമെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.
പദ്ധതി പ്രായോഗികമാക്കുന്നതിലെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് കത്ത് കൈമാറിയിട്ടുണ്ട്.ആർ.ടി.ഒ ബി. ഷഫീഖ്
നിലവിലുള്ള പെർമിറ്റുകളിൽ സമയക്രമം നടപ്പിലാക്കിയാൽ ബസ് സർവീസുകൾ താളംതെറ്റും. പുതുതായി നൽകുന്ന ബസ് പെർമിറ്റുകളിൽ സമയക്രമം നടപ്പിലാക്കി ഒരുവർഷം നിരീക്ഷിച്ച ശേഷം, വിജയകരമെങ്കിൽ മാത്രം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുകയാണ് വേണ്ടത്.
ഹംസ എരിക്കുന്നൻ, ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ട്രഷറർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |