മലപ്പുറം: ഓണം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും നാളികേര വിലയിൽ കുറവില്ല. മൊത്തവിപണിയിൽ ഒരു കിലോ പൊതിച്ച തേങ്ങയുടെ വില 70 ആണ്. ചില്ലറ വിപണിയിൽ വില 84 ആയി. പൊതിക്കാത്ത തേങ്ങ ഒന്നിന് 25 മുതൽ 30 രൂപ വരെയാണ് വില. കൊപ്ര കിലോയ്ക്ക് മൊത്തവില 230 ആയി. കൊട്ടത്തേങ്ങ ഒന്നിന് 25 രൂപ നൽകണം. തെങ്ങുകൾക്ക് രോഗം ബാധിച്ചതും കാലാവസ്ഥാ വ്യതിയാനം മൂലം നശിച്ചതും മൂലം ഉല്പാദനം കുറഞ്ഞതാണ് വില വർദ്ധിക്കാൻ പ്രധാന കാരണം. സംസ്ഥാനത്ത് പല ജില്ലകളിലും കന്യാകുമാരി, പൊള്ളാച്ചി, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നെല്ലാം തേങ്ങ എത്തിക്കുന്നുണ്ട്. എന്നാൽ, മലപ്പുറം ജില്ലയിൽ പ്രാദേശികമായി മാത്രം ഇറക്കുമതി ചെയ്യുന്നവയാണുള്ളത്. എങ്കിലും പ്രാദേശികമായി ലഭിക്കുന്ന തേങ്ങയുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയ്ക്ക് ജില്ലയിൽ ഉല്പാദിപ്പിക്കുന്ന തേങ്ങയെ അപേക്ഷിച്ച് വലുപ്പം കൂടുതലാണെങ്കിലും കാമ്പും രുചിയും കുറവാണെന്ന് വ്യാപാരികൾ പറയുന്നു.
തെങ്ങുകൾക്ക് രോഗങ്ങൾ വ്യാപിച്ചതോടെ കൂലിച്ചെലവ് താങ്ങാൻ സാധിക്കാത്തതിനാലും വളത്തിന്റെ വില വർദ്ധനവും കാരണം നിരവധി കർഷകർ തെങ്ങ് കൃഷി ചെയ്യാൻ മടിക്കുന്ന സാഹചര്യവും നിലവിലുണ്ട്. അയൽ സംസ്ഥാനങ്ങൾ നിലവിൽ ഇവയുടെ ഇറക്കുമതി കുറച്ച് സംഭരിച്ച് വെയ്ക്കുന്നതും വില വർദ്ധനവിന് കാരണമാണെന്ന് വ്യാപാരികൾ പറയുന്നു. വിപണിയിൽ ഇടയ്ക്കിടെ കാണാറുള്ള നാളികേര ചന്തകളും ലഭ്യതക്കുറവ് കാരണം അപ്രത്യക്ഷമായിട്ടുണ്ട്
ഒരു കിലോ തേങ്ങ - 70 (മൊത്തവില),
ഒരു കിലോ തേങ്ങ - 84 (ചില്ലറ വില)
പൊതിക്കാത്ത തേങ്ങ (ഒന്ന്)- 25-30
കൊപ്ര (ഒരു കിലോ) - 230
കൊട്ടത്തേങ്ങ (ഒന്ന്) - 25
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |