ചാത്തന്നൂർ: റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ കഴിഞ്ഞ വർഷം നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിച്ച് എടപ്പാൾ ഉപജില്ലയുടെ തിരിച്ചു വരവ്. 351 പോയിന്റുമായാണ് എടപ്പാൾ ഉപജില്ല ഓവറോൾ കിരീടം തിരിച്ചുപിടിച്ചത്. 33 സ്വർണവും 37 വെള്ളിയും 33 വെങ്കലവുമാണ് എടപ്പാളിന്റെ സമ്പാദ്യം. 15 വർഷം എടപ്പാൾ കൈവശം വച്ച ഓവറോൾ കിരീടം കഴിഞ്ഞ വർഷം നവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായയുടെയും ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്‌കൂളിന്റെയും കരുത്തിൽ തിരൂർ സ്വന്തമാക്കിയിരുന്നു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐഡിയൽ കടകശ്ശേരിയുടെ തേരോട്ടത്തിൽ എടപ്പാൾ ഉപജില്ല വീണ്ടും കിരീടത്തിൽ മുത്തമിട്ടു. നവാമുകുന്ദയുടെയും ആലത്തിയൂരിന്റെയും കുതിപ്പിൽ 36 സ്വർണവും 22 വെള്ളിയും 14 വെങ്കലവുമായി 292 പോയിന്റോടെ തിരൂർ ഉപജില്ല രണ്ടാമതെത്തി. കഴിഞ്ഞ വർഷം 344 പോയന്റുമായാണ് തിരൂർ ഉപജില്ല ഓവറോൾ കിരീടം നേടിയിരുന്നത്. 10 സ്വർണവും 11 വെള്ളിയും എട്ട് വെങ്കലവുമായി 91 പോയിന്റോടെ അരീക്കോട് മൂന്നാമതും അഞ്ച് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി 66.5 പോയന്റുമായി താനൂർ ഉപജില്ല നാലാമതും ഫിനിഷ് ചെയ്തു.
ഐഡിയൽ കടകശ്ശേരി സ്‌കൂൾ ചാമ്പ്യൻപട്ടം നിലനിറുത്തി. 26 സ്വർണവും 31 വെള്ളിയും 29 വെങ്കലവുമടക്കം 252 പോയിന്റുമായാണ് ഐഡിയൽ ചാമ്പ്യൻമാരായത്. തുടർച്ചയായി 18-ാമത് തവണയാണ് ഐഡിയൽ ചാമ്പ്യൻ പട്ടം നിലനിറുത്തുന്നത്. 22സ്വർണവും 10 വെള്ളിയും 10 വെങ്കലവുമടക്കം 150 പോയിന്റോടെ തിരുനാവായ നവാമുകുന്ദ എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി. 10 സ്വർണം, എഴ് വെള്ളി, മൂന്ന് വെങ്കലം അടക്കം 74 പോയിന്റ് കരസ്ഥമാക്കി കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ മൂന്നാമതായി. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ ഗെയിംസിലെ അത്ലറ്റികിസിൽ ഒന്നാം സ്ഥാനത്തുള്ള മലപ്പുറം ഓവറോൾ കിരീടം നിലനിറുത്തുക എന്ന ലക്ഷ്യത്തിലാകും താരങ്ങൾ മത്സരത്തിനിറങ്ങുക.
ആദ്യ എട്ട് സ്ഥാനങ്ങളിലെത്തിയ സ്‌കൂളുകൾ
സ്‌കൂൾ -- സ്വർണം-- വെള്ളി--വെങ്കലം-- പോയിന്റ്
ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി- 26--31--29 --252
നവാമുകുന്ദ എച്ച്.എസ്.എസ് തിരുന്നാവായ--22-- 10--10--150
കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ --10--7--3---74
എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട്--6--6--3--51
സി.എച്ച്.എം.എം.എച്ച്.എസ്.എസ് കാവനൂർ ഇരുവേറ്റി--3--4--4-- 31
എം.എം.എച്ച്.എസ്.എസ് രായിരമംഗലം-- 3--2--1--22
ക്രസന്റ് എച്ച്.എസ് ഒഴുകൂർ--1-- 2-- 4--15
പന്തല്ലൂർ എച്ച്.എസ്.എസ് പന്തല്ലൂർ--2-- 1--2--15
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |