പുളിക്കൽ: ആന്തിയൂർക്കുന്നിൽ സ്വകാര്യ സ്ഥലത്ത് വൻതോതിൽ തള്ളിയ ആശുപത്രി മാലിന്യങ്ങൾ ഒരു മാസത്തിനകം പൂർണ്ണമായി നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി. മാസങ്ങളായി ആരോഗ്യ ഭീഷണി നേരിട്ടുകൊണ്ടിരുന്ന ജനങ്ങൾക്ക് നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് സമരസമിതിയും നാട്ടുകാരും.
പാമ്പ്യൂരൻ പാറക്ക് സമീപം ക്വാറി പ്രദേശത്ത് തള്ളിയ രാസമാലിന്യങ്ങളുൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്യാൻ നിയമപരമായ നടപടികൾ കൈക്കൊള്ളാൻ ജില്ല കളക്ടർക്ക് നിർദ്ദേശം നൽകിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ് വന്നത്. അഡ്വ. പി.കെ. ലത്തീഫ് മുഖേനയാണ് പരാതി സമർപ്പിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ജനവാസമേഖലയിൽ ടൺ കണക്കിന് മാലിന്യം തള്ളിയത്. മാലിന്യം തള്ളിയവരെ നാട്ടുകാർ കൈയോടെ പിടികൂടി പൊലീസിലും പഞ്ചായത്തിലും വിവരമറിയിച്ചിരുന്നു. തുടർന്ന് പുളിക്കൽ പഞ്ചായത്ത് വൻ തുക പിഴ ചുമത്തുകയും മാലിന്യം നീക്കാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നെങ്കിലും പൂർണ്ണമായി നീക്കം ചെയ്യാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.
മാലിന്യം നീക്കാത്തതിനെ തുടർന്ന് നാട്ടുകാർ നിരന്തരമായി പ്രതിഷേധിക്കുകയും അധികാരികൾക്ക് പരാതി നൽകുകയും ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെയാണ് ആരോഗ്യ ഭീഷണി ചൂണ്ടിക്കാട്ടി ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
കോടതി ഉത്തരവ് വന്നതോടെ, ഇത്രയും കാലം തങ്ങൾ അനുഭവിച്ച ദുരിതത്തിന് അവസാനമാകുമെന്ന പ്രതീക്ഷയിലാണ് ആന്തിയൂർക്കുന്നിലെ ജനങ്ങൾ. കളക്ടർ അടിയന്തരമായി ഇടപെട്ട് ഒരു മാസത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്യുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
'കോടതിയുടെ ഈ ഉത്തരവ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ ആശ്വാസമാണ്. ഒരു മാസത്തിനകം മാലിന്യം നീക്കം ചെയ്യാൻ കളക്ടർക്ക് നിർദ്ദേശം നൽകിയത് ഞങ്ങളുടെ പോരാട്ടം വിജയിച്ചു എന്നതിന്റെ തെളിവാണ്,' സമരസമിതിക്ക് വേണ്ടി ഹൈക്കോടതിയെ സമീപിച്ച കെ.ടി. ലിയാഖത്തലി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |