തിരൂർ: ത്രിതല പഞ്ചായത്ത് തിരത്തെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപ് തന്നെ തിരക്കിട്ട നീക്കങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ. ശക്തരായ മുന്നണികളുടെ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മത്സര രംഗത്തേയ്ക്ക് പ്രവേശിക്കുവാനായി നേതാക്കൻമാരും തയ്യാറെടുക്കുകയാണ്.
തിരൂർ നഗരസഭയിൽ നിലവിലെ 38 സീറ്റിൽ നിന്നും വാർഡ് വിഭജനം പൂർത്തിയായപ്പോൾ 40 സീറ്റായി ഉയർന്നു. നിലവിലെ ഭരണകക്ഷിയായ യു.ഡി.എഫ് ഭരണം നിലനിറുത്താൻ പരമാവധി ശ്രമം നടത്തുകയാണ്. പ്രമുഖ നേതാക്കൻമാരെയെല്ലാം രംഗത്തിറക്കി പരമാവധി സീറ്റിൽ വിജയിക്കാനുള്ള ആസൂത്രണം അണിയറയിൽ നടക്കുന്നതായാണ് സൂചന.
കഴിഞ്ഞ തവണ 13 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഇത്തവണയും അത്രയും സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. ബാക്കി വരുന്ന 24 സീറ്റിൽ മുസ്ലിം ലീഗും ഒരു സീറ്റിൽ വെൽഫെയർ പാർട്ടിയും മത്സര രംഗത്ത് ഉണ്ടാകാനാണ് സാദ്ധ്യത.
യു.ഡി.എഫ് സഖ്യത്തിൽ ശക്തരായ മുസ്ലിം ലീഗ് ചില വാർഡുകളിൽ ശക്തരായ യുവ സ്ഥാനാർത്ഥികളെ കണ്ടെത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുസ്ലിം ലീഗിൽ മൂന്ന് ടൈം മത്സരിച്ചവരെ മാറ്റിനിറുത്താൻ തീരുമാനിച്ചിരുന്നെങ്കിലും ചില ഇളവുകൾ നൽകാൻ സാദ്ധ്യതയുണ്ട്. ഇത്തവണയും ഭരണം നിലനിറുത്താൻ ശക്തരായ സ്ഥാനാർത്ഥികളെ മത്സര രംഗത്തിറക്കാൻ കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ രണ്ട് സിറ്റ് വ്യത്യാസത്തിൽ ഭരണം നഷ്ടപ്പെട്ട എൽ.ഡി.എഫ് ഭരണം തിരിച്ചു പിടിക്കാനുള്ള തന്ത്രപാടിലാണ്. അതിനായി മാസങ്ങൾക്ക് മുൻപ് തന്നെ നഗരസഭ ഭരണ സമിതിക്കെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എൽ.ഡി.എഫ് മുന്നണിയിൽ സീറ്റ് വിഭജനം നടന്നു വരുന്നേയുള്ളൂ. കഴിഞ്ഞ തവണ ചെറിയ മാർജിനിൽ തോറ്റ വാർഡുകളിൽ ഇത്തവണ കൂടുതൽ ശ്രദ്ധ പതിക്കും. അതിനായി വാർഡുകളുടെ ചുമതല ഓരോ പാർട്ടി കേഡർമാർക്കും നൽകി യോഗങ്ങൾ നടത്തിവരുന്നുണ്ട്. കൂടുതലായും പുതുമുഖങ്ങളായ യുവതി - യുവാക്കളെ മത്സരരംഗത്ത് ഇറക്കാൻ എൽ.ഡി.എഫ് പദ്ധതിയിടുന്നതായാ സൂചന. അതിനായി വാർഡിൽ ശ്രദ്ധ പതിപ്പിക്കാൻ നിർദ്ധേശമുണ്ട്.
ബി.ജെ.പി നിലവിലെ ഒരു സീറ്റ് നിലനിർത്തുന്നതിനോടൊപ്പം നാല് സീറ്റുകൾ കൂടി വിജയിപ്പിക്കുവാനുള്ള ശ്രമത്തിലാണ്. അതിനായി മാസങ്ങൾക്ക് മുൻപ് തന്നെ വാർഡുകളിൽ മാനേജ് മെന്റ് കമ്മറ്റികൾ രൂപീകരിച്ച് വീടുകളിൽ സമ്പർക്കവും ആരംഭിച്ചിട്ടുണ്ട്. പാർട്ടിക്ക് കൂടുതലായും വേരോട്ടമുള്ള തൃക്കണ്ടിയൂരിലെ വാർഡുകളിൽ യുവ സാരഥികൾ മത്സരരംഗത്തിറങ്ങും. കേന്ദ്ര സർക്കാരിന്റെ പദ്ധതികളും വികസന രേഖകളും ഉൾപ്പെടുത്തിയ മാറാത്തത് ഇനി മാറും എന്ന ലഘുലേഖയുമായി പ്രവർത്തകർ എല്ലാ വീടുകളിലും കയറിയിറങ്ങി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇത്തവണ തിരൂർ മുനിസിപ്പലിറ്റിയിൽ ചുരുങ്ങിയത് അഞ്ച് പേരെയെങ്കിലും വിജയിപ്പി ച്ചെടുക്കാനുള്ള ശ്രമത്തിലാണ് പ്രവർത്തകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |