37 വർഷം. പഴയിടം വിളമ്പിയത് 1.75 കോടി പേർക്ക്
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്‌ത്രോത്സവത്തിന് പാലക്കാട്ടെത്തുന്ന കുട്ടിശാസ്ത്രജ്ഞർക്കും മറ്റും നുണയാൻ പഴയിടം രുചി. കാൽ നൂറ്റാണ്ടോളമായി സംസ്ഥാന സ്കൂൾ കലോത്സവത്തിനും ശാസ്ത്രമേളയ്ക്കും കായികമേളയ്ക്കുമൊക്കെ ഭക്ഷണമൊരുക്കുന്നത് പഴയിടമാണ്.
പാൽപ്പായസം, പാലട പ്രഥമൻ, സാമ്പാർ, മോരുകറിയുൾപ്പെടെ നല്ല വെജിറ്റേറിയൻ സദ്യയാണ് പാലക്കാട്ട് ഒരുക്കുന്നത്. വിക്ടോറിയ കോളേജ് ഗ്രൗണ്ടിൽ ഇത്തവണ ദേഹണ്ഡത്തിന് തുടക്കമിട്ടിരിക്കുന്നത് മോഹനൻ നമ്പൂതിരിയുടെ മകൻ യദുവാണ്. ആരോഗ്യ പ്രശ്നത്തെ തുടർന്ന് മോഹനൻ നമ്പൂതിരി വിശ്രമത്തിലാണ്. അദ്ദേഹം ഞായറാഴ്ച പാലക്കാട്ടെത്തും. അച്ഛന്റെ നിർദ്ദേശമനുസരിച്ചാണ് യദുവിന്റെ പാചകം. കെെപ്പുണ്യവും അച്ഛന്റേതുതന്നെ.
പഴയിടം മോഹനൻ നമ്പൂതിരിയുടെ കെെപ്പുണ്യത്തിന്
37 വയസായി. ഇക്കാലയളവിൽ 1.75 കോടി പേർക്ക് സദ്യ വിളമ്പി. കുറിച്ചിത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിശേഷങ്ങൾക്ക് സദ്യയൊരുക്കിയാണ് തുടക്കം. പാചകം സ്വയം പഠിച്ചു. കെെപ്പുണ്യത്തിന്റെ കരുത്തിൽ വളർന്നു. ഇന്ന് പഴയിടം രുചിയെന്ന പേരിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ റസ്റ്റൊറന്റുകളുണ്ട്. മകൻ യദുവും മകൾ മാളവികയും റസ്റ്റൊറന്റ് നടത്തുന്നു. എടപ്പാൾ റസ്റ്റൊറന്റിന്റെ ചുമതല മാളവികയ്ക്കാണ്. മോഹനൻ നമ്പൂതിരിയുടെ ഭാര്യ ശാലിനി കോട്ടയം ഖാദി ഭവൻ ജീവനക്കാരിയായിരുന്നു.
പിതാവിനോടൊപ്പം നിന്നാണ് യദു പാചകരംഗത്തെത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവം ഉൾപ്പെടെ എട്ടു മേളകളിലായി സ്വന്തമായി സദ്യയൊരുക്കുന്നു. നാൽപ്പത്തഞ്ചോളം പാചകക്കാരും ശുചീകരത്തിന് പതിനഞ്ചുപേരും സംഘത്തിലുണ്ട്. ബിസിനസിൽ സഹായിയായി ഭാര്യ അമൃതയുമുണ്ട്. മക്കൾ: ധന്വിൻ, ധ്വനി.
സദ്യയുണ്ണുന്നവർ 55,000 പേർ
( ഏകദേശ കണക്ക്)
ചെലവ് 30 മുതൽ 40 ലക്ഷം വരെ
പാഷനായാണ് പാചകം തുടങ്ങിയത്. പീന്നീട് പ്രൊഫഷനാക്കി. വലിയ സദ്യയൊരുക്കുന്നതിൽ മാനേജ്‌മെന്റ് സ്കിൽ വളരെ പ്രധാനമാണ്.
-മോഹനൻ നമ്പൂതിരി
വെജിറ്റേറിയൻ സദ്യയാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ചും കലോത്സവം, ശാസ്ത്രമേള എന്നിവയിൽ.
-യദു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |