മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം ആവർത്തിക്കാൻ സി.പി.എമ്മിൽ ധാരണ. തവനൂരിൽ നിന്ന് കെ.ടി.ജലീൽ പെരിന്തൽമണ്ണയിലേക്ക് മാറിയേക്കും. ഇവിടെ എസ്.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനുവിന്റെ പേര് പരിഗണിക്കുന്നതായാണ് വിവരം. മന്ത്രി വി.അബ്ദുറഹിമാൻ താനൂരിൽ തുടർന്നേക്കും. ജില്ലയിൽ നിന്ന് നാല് മണ്ഡലങ്ങൾ ലക്ഷ്യമിടുന്ന സി.പി.എം ഇതുനേടാൻ സ്വതന്ത്ര സ്ഥാനാർത്ഥികളെ കളത്തിലിറക്കേണ്ടത് അനിവാര്യമാണെന്ന് കണക്കുകൂട്ടുന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പൊന്നാനി, താനൂർ, തവനൂർ, നിലമ്പൂർ എന്നിവിടങ്ങളിലാണ് സി.പി.എം വിജയിച്ചത്. ഇതിൽ പൊന്നാനി ഒഴികെ മൂന്നിടത്തും സ്വതന്ത്ര സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചത്. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ രാജിവച്ചതോടെ വന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആര്യാടൻ ഷൗക്കത്തിലൂടെ നിലമ്പൂർ കോൺഗ്രസ് തിരിച്ചുപിടിച്ചിട്ടുണ്ട്. എം.സ്വരാജിനെതിരെ 11,077 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ഷൗക്കത്തിന്റെ വിജയം. 2021ൽ പി.വി.അൻവറിന് 2,700 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. നിലമ്പൂർ പിടിക്കുക എളുപ്പമല്ലെന്ന് കണക്കുകൂട്ടുന്ന സി.പി.എം നേതൃത്വം പകരം പെരിന്തൽമണ്ണ തിരിച്ചുപിടിച്ച് നിയമസഭയിലേക്ക് മലപ്പുറത്ത് നിന്ന് നാലംഗങ്ങളെന്ന ലക്ഷ്യമാണ് മുന്നിൽകാണുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗിന്റെ നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ നിന്ന് വിജയിച്ചത്. ഇടതുസ്വതന്ത്രനായി മലപ്പുറം നഗരസഭ ചെയർമാനായിരുന്നു കെ.പി.എം മുസ്തഫയാണ് മത്സരിച്ചത്. 2016ൽ ലീഗിന്റെ മഞ്ഞളാംകുഴി അലി 579 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിനാണ് വിജയിച്ച മണ്ഡലത്തിൽ വലിയ സാദ്ധ്യതയാണ് സി.പി.എം കാണുന്നത്. 2006ൽ വി.ശശികുമാർ 14,003 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. പെരിന്തൽമണ്ണ നിയോജക മണ്ഡലം രൂപീകരിച്ച ശേഷം തുടർച്ചയായി മൂന്ന് തവണ ഇടതിനായിരുന്നു വിജയം. പി.ഗോവിന്ദൽ നമ്പ്യാർ, ഇ.പി.ഗോപാലൻ, പാലോളി മുഹമ്മദ് കുട്ടി എന്നിവരിലൂടെ ആയിരുന്നു ഇത്. 30 വർഷം പെരിന്തൽമണ്ണ നഗരസഭ ഭരിച്ചതും സി.പി.എമ്മായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ പെരിന്തൽമണ്ണയിൽ യു.ഡി.എഫിന് 16,833 വോട്ടിന്റെ മുൻതൂക്കമുണ്ട്. എം.എൽ.എ നജീബ് കാന്തപുരത്തിന്റെ മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യം കൂടിയായതോടെ മികച്ച സ്വതന്ത്ര സ്ഥാനാർത്ഥി വേണമെന്ന പ്രാദേശിക ഘടകത്തിന്റെ ആവശ്യമാണ് കെ.ടി. ജലീലിലേക്ക് വഴിയൊരുക്കുന്നത്.
പെരിന്തൽമണ്ണയിൽ സ്വതന്ത്രൻ
2011 മുതൽ കെ.ടി.ജലീലാണ് തവനൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യവും തുടർച്ചയായി മത്സരിക്കുന്നത് മുലമുള്ള അസംതൃപ്തിക്കുള്ള സാദ്ധ്യതയും സി.പി.എം മുന്നിൽകാണുന്നുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസിന്റെ ഫിറോസ് കുന്നുംപറമ്പിലിനെതിരെ 2,564 വോട്ടിന്റെ ഭൂരിപക്ഷമാണ് ജലീലിന് ലഭിച്ചത്. 2011ൽ 6,854ഉം, 2016ൽ 17,064 വോട്ടിന്റെയും ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്താണിത്. തദ്ദേശ തിരഞ്ഞെടുപ്പിൽ തവനൂരിൽ 9,440 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫിനാണ് ഭരണം.
തവനൂർ ആവശ്യപ്പെട്ട് ലീഗ് സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും കോൺഗ്രസ് വഴങ്ങിയിട്ടില്ല. പൊതുസ്വതന്ത്ര സ്ഥാനാർത്ഥിയിലൂടെ തവനൂർ പിടിച്ചെടുക്കാനാവുമെന്ന വിലയിരുത്തൽ യു.ഡി.എഫിനുള്ളിലുണ്ട്. നിലമ്പൂരിൽ ആര്യാടൻ മുഹമ്മദിനെതിരെ മത്സരിച്ച പ്രൊഫ. എം.തോമസ് മാത്യുവിന്റെ പേര് സജീവ പരിഗണനയിലുണ്ട്. തോമസ് മാത്യുവുമായി സി.പി.എം നേതൃത്വം പ്രാഥമിക ചർച്ച നടത്തിയതായാണ് വിവരം. 2011ൽ പ്രൊഫ.എം.തോമസ് മാത്യു മത്സരിച്ചപ്പോൾ ആര്യാടൻ മുഹമ്മദിന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞിരുന്നു. അന്ന് 5,598 വോട്ടിനാണ് ആര്യാടന്റെ വിജയം. ന്യൂനപക്ഷ വോട്ടുകൾ നിലമ്പൂരിൽ നിർണ്ണായകമാണ് എന്നതിനാൽ ഇതുകൂടി കണ്ണുവെച്ചാണ് സി.പി.എമ്മിന്റെ നീക്കം. യു.ഡി.എഫ് വോട്ടിൽ വിള്ളലുണ്ടാക്കാൻ കഴിയുന്ന സ്ഥാനാർത്ഥി വേണമെന്ന വികാരവും താഴെതട്ടിലുണ്ട്. മുന്നണി വോട്ടുകൊണ്ട് മാത്രം വിജയിക്കാൻ ശക്തിയില്ലാത്ത നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിനെ മത്സരിപ്പിച്ചത് തിരിച്ചടിയായെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |