മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥ കർശനമായി പാലിക്കണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം മുസ്ലിം ലീഗ് നേതൃത്വം പരിഗണിച്ചാൽ ജില്ലയിൽ നാല് എം.എൽ.എമാർക്ക് സീറ്റ് നഷ്ടപ്പെടും. ആറ് സീറ്റുകൾ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതൃത്വത്തെ യൂത്ത് ലീഗ് സമീപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വിജയിക്കുന്ന സീറ്റുകൾ തന്നെ വേണമെന്നാണ് ആവശ്യം.
തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥ നടപ്പിലാക്കിയതോടെ കൂടുതൽ യുവാക്കൾക്ക് അവസരം ലഭിക്കുകയും ഇവർ മികച്ച വിജയം നേടിയെന്നുമാണ് യൂത്ത് ലീഗിന്റെ നിലപാട്. പാർട്ടിയിലേക്ക് കൂടുതൽ യുവാക്കൾ കടന്നുവരാനും വഴിയൊരുക്കും. കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന യൂത്ത് ലീഗ് സംസ്ഥാന സമിതി യോഗം പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ എന്നിവർക്ക് ഒഴികെ മറ്റാർക്കും മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന ആവശ്യമുയർത്തിയിട്ടുണ്ട്.
പി.കെ.കുഞ്ഞാലിക്കുട്ടി ഒഴികെ നാല് പേരാണ് ജില്ലയിൽ മൂന്നോ അതിലധികമോ തവണ എം.എൽ.എമാർ ആയിട്ടുള്ളത്. കെ.പി.എ മജീദ് ( തിരൂരങ്ങാടി), മഞ്ഞളാംകുഴി അലി (മങ്കട), പി.ഉബൈദുള്ള (മലപ്പുറം), പി.കെ.ബഷീർ (ഏറനാട്) എന്നിങ്ങനെ. പാർട്ടിയെ നയിക്കുന്നവരെന്ന പരിഗണനയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കും എം.കെ. മുനീറിനും കെ.പി.എ മജീദിനും കഴിഞ്ഞ തവണ ഇളവ് നൽകിയിരുന്നു. അഞ്ച് തവണ മങ്കടയിൽ നിന്ന് എം.എൽ.എയായ കെ.പി.എ മജീദിനെ സംസ്ഥാന ജനറൽ സെക്രട്ടറി എന്ന പരിഗണനയിലാണ് കഴിഞ്ഞ തവണ ഇളവ് നൽകി തിരൂരങ്ങാടിയിൽ മത്സരിപ്പിച്ചത്. ഇടതു സ്വതന്ത്രനായി രണ്ടുതവണ മങ്കടയിൽ നിന്ന് വിജയിച്ച ശേഷമാണ് മഞ്ഞളാംകുഴി അലി മുസ്ലിം ലീഗിൽ എത്തിയത്. തുടർന്ന് പെരിന്തൽമണ്ണ, മങ്കട എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പ്രാവശ്യം എം.എൽ.എയായി. പി.കെ. ബഷീറും പി.ഉബൈദുള്ളയും ഏറനാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നാലെണ്ണം ലഭിച്ചേക്കും
ആറ് സീറ്റ് ആവശ്യപ്പെടുമ്പോഴും അഞ്ചെണ്ണം എങ്കിലും ലഭിക്കുകയാണ് യൂത്ത് ലീഗിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളാണ് ലഭിച്ചത്. താനൂർ, പെരിന്തൽമണ്ണ, മഞ്ചേശ്വരം. ഇതിൽ താനൂർ ഒഴികെ രണ്ടിടത്തും വിജയിച്ചു. സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്ന ഒരുഡസനിലധികം പ്രധാന നേതാക്കൾ തന്നെ യൂത്ത് ലീഗിലുണ്ട്. നാല് സീറ്റുകൾ വരെ നൽകാനാണ് മുസ്ലിം ലീഗിനുള്ളിലെ ആലോചന. ഇത്തവണ എം.എസ്.എഫിന് കൂടി ഒരു സീറ്റ് നൽകേണ്ടതുണ്ട്. മറ്റ് പാർട്ടികൾ വിദ്യാർത്ഥി പ്രസ്ഥാന നേതാക്കളെ മത്സരിപ്പിക്കാറുണ്ടെങ്കിലും ലീഗിൽ ഈ പതിവ് ഉണ്ടായിരുന്നില്ല. സമകാലിക സാഹചര്യത്തിൽ ഇത് അനിവാര്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം. എം.എസ്.എഫ് ഉൾപ്പെടെ അഞ്ച് സീറ്റുകളിലേക്ക് യുവനിരയെ ഉൾപ്പെടുത്താനാണ് ആലോചന. ഈ സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ ലഭിക്കാൻ മൂന്ന് ടേം വ്യവസ്ഥ മാത്രമേ വഴിയൊരുക്കൂ എന്നാണ് യൂത്ത് ലീഗിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |