നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിലൂടെ ഇടതിൽ നിന്ന് തിരിച്ചുപിടിച്ച നിലമ്പൂരിൽ സിറ്റിംഗ് എം.എൽ.എ ആര്യാടൻ ഷൗക്കത്ത് തന്നെ വീണ്ടും മത്സരിപ്പിച്ചേക്കും. സീറ്റിന് നേരത്തെ അവകാശവാദമുന്നയിച്ച ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിക്ക് ജില്ലയ്ക്ക് പുറത്തുള്ള ഉറച്ച സീറ്റ് ഉറപ്പാക്കി തർക്കരഹിതമായ സാഹചര്യം സൃഷ്ടിക്കാനുള്ള നീക്കുപോക്കുകളിലാണ് കോൺഗ്രസ് നേതൃത്വം. ഉപതിരഞ്ഞെടുപ്പിൽ ജോയിയുടെ പേര് കൂടി സ്ഥാനാർത്ഥിയായി ഉയർന്നത് കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിരുന്നു.
എം.എൽ.എ സ്ഥാനം രാജിവെച്ച പി.വി.അൻവർ ഈ ആവശ്യമുന്നയിച്ച് പരസ്യമായി രംഗത്തുവന്നതോടെ വിവാദം കൂടുതൽകത്തി. വോട്ട് ചോർച്ചയ്ക്ക് വഴിവയ്ക്കുമോ എന്ന ഭീതിക്കിടെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഉറച്ചെന്ന സീറ്റെന്ന വാഗ്ദാനം ജോയിക്ക് നൽകിയിരുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. പിന്നാലെ ജോയി തന്നെ മുന്നിട്ടിറങ്ങി പ്രചാരണങ്ങൾക്ക് നേതൃത്വവുമേകി. കോൺഗ്രസിലെ ഐക്യം പതിനൊന്നായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിക്കാൻ അവസരമേകി. സമാനമായ സാഹചര്യം വരുന്ന നിയമസഭയിലും ആവർത്തിക്കണമെന്നാണ് പ്രാദേശിക നേതൃത്വങ്ങളുടെയും പ്രവർത്തകരുടെയും ആഗ്രഹം. ഇതുകൂടി ഉൾക്കൊണ്ടാണ് നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ മുന്നോട്ടുപോവുന്നത്.
ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികകാലമാവും മുമ്പെ തന്നെ നിയമസഭ തിരഞ്ഞെടുപ്പ് വരുന്നതിനാൽ ഇതും ആര്യാടൻ ഷൗക്കത്തിന്റെ രണ്ടാംടേമിന് അനുകൂലമാണ്. കോൺഗ്രസിന്റെ മലബാറിലെ തലമുതിർന്ന നേതാവായിരുന്ന ആര്യാടൻ മുഹമ്മദിന്റെ തട്ടകം തിരിച്ചുപിടിച്ച ആവേശത്തിലാണ് പ്രവർത്തകർ.
പാർട്ടിക്കുള്ളിൽ അനൈക്യമുണ്ടെന്ന സന്ദേശം നൽകുന്ന നടപടികൾ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന നിർദ്ദേശവും കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്.ഈമാസം 20ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ കോൺഗ്രസിന്റെ കൈവശനുള്ള വയനാട്ടെ കൽപ്പറ്റ, പാലക്കാട്ടെ പട്ടാമ്പി, തവനൂർ ഉൾപ്പെടെ ചില സീറ്റുകൾ കൈമാറണമെന്ന ആവശ്യം ലീഗ് നേതൃത്വം ഉയർത്തുമെന്നാണ് വിവരം. ഇതിനായി തിരുവമ്പാടി ഉൾപ്പെടെ ചില സീറ്റുകൾ കൈമാറി വിട്ടുവീഴ്ചയ്ക്കുള്ള ൃസന്നദ്ധതയും ലീഗ് അറിയിച്ചേക്കും. അതേസമയം സി.പി.എം മത്സരിക്കുന്ന തിരുവമ്പാടിയിൽ സീറ്റ് കേരള കോൺഗ്രസ് എമ്മിന് കൈമാറാനും സാദ്ധ്യതയുണ്ട്. ഇങ്ങനെയെങ്കിൽ മത്സരം കനക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |