
അങ്കമാലി: അങ്കമാലി ടൗണിലെ അങ്ങാടിക്കടവ് ജംഗ്ഷനിൽ വർഷകാലങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി എൻ.എച്ച്.എ.ഐ അധികൃതർ സ്ഥലം സന്ദർശിച്ചു. ദേശീയപാതയിലെ ഡ്രെയിനേജ് സംവിധാനത്തിലെ അപാകത മൂലം ഈ ഭാഗത്ത് വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വാഹനാപകടങ്ങൾ നിത്യസംഭവമാകുകയും ചെയ്തിരുന്നു. നിലവിൽ ഡ്രെയിനേജിന് വീതി കുറവായതിനാൽ മഴക്കാലത്ത് വെള്ളമൊഴുക്ക് തടസപ്പെട്ട് ജംഗ്ഷനും സമീപപ്രദേശങ്ങളും വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണ്. ഓരോ മഴക്കാലത്തും സമീപത്തെ കടകൾക്ക് വലിയ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നു. ഇരുചക്രവാഹനങ്ങൾ ഒലിച്ചുപോകുന്നതും യാത്രക്കാർക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്തതും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. വെള്ളക്കെട്ട് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയുടെ നേതൃത്വത്തിൽ എൻ.എച്ച്.എ.ഐ അധികൃതർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
റോജി എം. ജോൺ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ റീത്ത പോൾ, ഡെപ്യൂട്ടി ചെയർമാൻ വിൽസൺ മുണ്ടാടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിനി കൃഷ്ണൻകുട്ടി, ലക്സി ജോയി, വിനിത ദിലീപ്, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ.ഏലിയാസ്, വാർഡ് കൗൺസിലർമാരായ കെ.ഡി.ജയൻ, വീണ സുരേഷ് എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |