ആലപ്പുഴ: വയോജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് 'അനുകമ്പയുടെ ആലപ്പുഴ', നഗരസഭാ ബ്രാൻഡിൽ കുപ്പിവെള്ളം, ടൗൺഹാൾ പുനർനിർമ്മാണം, സത്രം കോപ്ലക്‌സിൽ ആറുനില ഷോപ്പിംഗ് മാൾ, ഷീ ലോഡ്ജ്, പ്രധാന കേന്ദ്രങ്ങളിൽ ടേക് എ ബ്രേക്ക് തുടങ്ങി വിവിധ വികസന പദ്ധതികളടങ്ങുന്ന നഗരസഭയുടെ 2026-27ലെ ബഡ്ജറ്റ് വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ അവതരിപ്പിച്ചു. ചെയർപേഴ്‌സൺ മോളി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വയോജനങ്ങൾക്കായി ഗ്രേസ് പദ്ധതി നടപ്പാക്കുമെന്നും എല്ലാ വാർഡുകളലിലും വയോജനക്ലബ്ബുകൾ രൂപവത്കരിക്കുമെന്നും ആരോഗ്യപരിശോധന, ടോക്കിംഗ് പാർലറുകൾ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുമെന്നും വൈസ് ചെയർമാന്‍ ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പാലിയേറ്റീവ് സേവനങ്ങൾക്ക് 24 മണിക്കൂർ ഹെൽപ്പ്ഡസ്‌ക് ആരംഭിക്കും. നഗരസഭാ ആസ്ഥാനത്തിന് മുന്നിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കും. ജനറൽ ആശുപത്രിയിൽ പുതിയ 20 ഡയാലിസിസ് ബെഡുകൾ സ്ഥാപിക്കും. കാർബൺ ന്യൂട്രൽ നഗരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നഗരമിത്രം പദ്ധതി ആരംഭിക്കും. മുഴുവൻ അങ്കണവാടികളും സ്മാർട്ടാക്കും തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. യുദ്ധത്തിനെതിരെ ഷർട്ടിൽ 'നോ വാർ' പോസ്റ്റർ പതിച്ചാണ് വൈസ് ചെയർമാൻ ബഡ്ജറ്റ് അവതരണത്തിനെത്തിയത്.
ബഡ്ജറ്റിനിടെ കയ്യാങ്കളിയും
ബഡ്ജറ്റ് അവതരണത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് വി.ജി.വിഷ്ണുവിനെ സംസാരിക്കാൻ അനുവദിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം ചെയർപേഴ്‌സണെ തടഞ്ഞുവച്ചു. ഇതോടെ ഇരുപക്ഷവും മുഖാമുഖം മുദ്രാവാക്യം വിളി ആരംഭിച്ചു. ഭരണ-പ്രതിപക്ഷ സംഘർഷത്തിനിടെ ഓഫീസിലെത്തി വിശ്രമിക്കുകയായിരുന്ന ചെയർപേഴ്‌സൺ മോളി ജേക്കബിനെയും ഭരണപക്ഷ കൗൺസിലർമാരെയും പ്രതിപക്ഷം ഉപരോധിച്ചു.
പ്രധാന പദ്ധതികളും തുകയും
പാലിയേറ്റീവ് മേഖല- 3 കോടി
പാലിയേറ്റീവ് യൂണിറ്റുകൾ- 2 കോടി
ആശാ വോളണ്ടിയർമാർക്ക് അധികവേതനത്തിന്- 5 ലക്ഷം
കാർഷിക മേഖല- 1.10 കോടി
മൃഗസംരക്ഷണ- 27 ലക്ഷം
തെരുവുനായ നിയന്ത്രണ പ്രവർത്തനം- 10 ലക്ഷം
മത്സ്യമേഖല- 2 കോടി
നഗരചത്വരത്തിൽ കടമുറികൾ- 50 ലക്ഷം.
നഗരസഭയിൽ കാന്റീൻ- 50 ലക്ഷം
ജനറൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനം- 50 ലക്ഷം
കനാലുകളിൽ വേസ്റ്റ് മാനേജ്‌മെന്റ് ബോട്ടുകൾ- 25 ലക്ഷം
നീതി മെഡിക്കൽ സ്റ്റോറുകളാരംഭിക്കാൻ- 10 ലക്ഷം
നഗരമിത്രം പദ്ധതി അഞ്ച് ലക്ഷം
പാർപ്പിട പദ്ധതി അഞ്ച് കോടി
സാമൂഹിക ക്ഷേമ, വനിതാ വികസന മേഖലക്ക് ആകെ 5.40 കോടി
ടൗൺഹാൾ പുനർനിർമ്മാണം- 17 കോടി
നിർമ്മാണ പ്രവർത്തനങ്ങൾക്ക് എല്ലാ വാർഡുകൾക്കും 20 ലക്ഷം വീതം
പൊതുമരാമത്ത് മേഖലക്കായി ആകെ 24 കോടി
പട്ടികജാതി, പട്ടിക വർഗ്ഗ മേഖല 1.75 കോടി
നഗരസഭാ പഴയകെട്ടിടത്തിൽ ഡിജിറ്റൽ ലൈബ്രറിക്ക് 30ലക്ഷം
വിനോദസഞ്ചാര മേഖലയ്ക്ക് 15 കോടി
ഒറ്റനോട്ടത്തിൽ
നീക്കിയിരുപ്പ്- 37,02,49,234
മതിപ്പ് വരവ്- 376,36,54,620
ആകെ വരവ്- 413,39,03,854
ചെലവ്- 382,48,90,100
ബാക്കി 30,90,13,754
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |