മലപ്പുറം: ജലാശയാപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് ജില്ലയിൽ ഫയർഫോഴ്സിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടത്തുന്ന നീന്തൽ പരിശീലനവും അവബോധ പ്രവർത്തനങ്ങളും ഫലം കാണുന്നു. ജലാശയ അപകടങ്ങളിൽ കാര്യമായ കുറവുണ്ട്. രണ്ട് വർഷത്തിനിടെ മാത്രം ജലാശയ അപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം പകുതിയോളമായി കുറഞ്ഞു. 2025ൽ ജലാശയ അപകടങ്ങളിൽ 35 പേർ മരിച്ചപ്പോൾ 2024ൽ ഇത് 65 പേരായിരുന്നു. 2023ൽ 117ഉം 2022ൽ 120ഉം മുങ്ങി മരണങ്ങൾ ജില്ലയിൽ സംഭവിച്ചു എന്ന കണക്ക് അറിയുമ്പോഴാണ് മാറ്റത്തിന്റെ തോത് മനസ്സിലാവുക.
ജലാശയാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ ഡിഫൻസുമായി സഹകരിച്ച് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ 'മിടിപ്പ്' എന്ന പേരിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം നൽകുന്നുണ്ട്. ജില്ലയിൽ കാൽലക്ഷത്തോളം പേർ ഇതിനകം നീന്തൽ പരിശീലനം നേടിയിട്ടുണ്ട്. അഗ്നിരക്ഷാസേന, യുവജന ക്ലബ്ബുകൾ ഉൾപ്പെടെയുള്ളവയുടെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വെള്ളത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ ഉൾപ്പെടെ വ്യാപകമായി സംഘടിപ്പിച്ചതും ജലാശയ അപകടങ്ങളുടെ എണ്ണം കുറയാൻ സഹായിച്ചിട്ടുണ്ട്.
അറിയാത്ത ഇടങ്ങളിൽ ഇറങ്ങരുത്
അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ വെള്ളത്തിലിറങ്ങുന്നതും പലപ്പോഴും മരണത്തിന് കാരണമാവാറുണ്ട്. നാട്ടിൻപുറത്തെ ചെറിയ ജലാശയങ്ങളിൽ നീന്തൽ പഠിച്ച് വലിയ കുളങ്ങളിലും പുഴകളിലുമെത്തി അപകടം സംഭവിക്കുന്നവരുമുണ്ട്. മദ്യപിച്ച് ജലാശയത്തിൽ ഇറങ്ങുന്നതും മുങ്ങിമരണത്തിന് പ്രധാന കാരണമാണ്.
അവധിക്കാലത്ത് ബന്ധുവീട് സന്ദർശനത്തിനെത്തി അപകടത്തിൽപ്പെടുന്നവരും ഏറെയാണ്. പരിചിതമല്ലാത്ത ഇടങ്ങളിൽ ഇറങ്ങുന്നതാണ് ദുരന്തത്തിലേക്ക് വഴിവയ്ക്കാറുള്ളത്. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ, മണലെടുത്തും മറ്റും രൂപപ്പെട്ട വലിയ കുഴികൾ, ചെളിനിറഞ്ഞയിടങ്ങളും മറ്റും അപകട സാദ്ധ്യതവർദ്ധിപ്പിക്കും. പുറമേക്ക് ശാന്തമെന്ന് തോന്നുന്ന ഇടങ്ങളിൽ പോലും അടിയൊഴുക്കും ചുഴിയും ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. നീന്തൽ അറിയാവുന്നവർ പോലും ചുഴികളിൽപെട്ടാൽ രക്ഷപ്പെടാനുള്ള സാദ്ധ്യത കുറവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |