SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.49 PM IST

മലപ്പുറം ഗവ. വനിതാ കോളേജ് കെട്ടിട നിർമ്മാണം രണ്ടാഴ്ചക്കുള്ളിൽ

Increase Font Size Decrease Font Size Print Page

മലപ്പുറം: മലപ്പുറം സർക്കാർ വനിതാ കോളേജിന് കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 18.61 കോടി രൂപയുടെ കെട്ടിട നിർമ്മാണ നടപടികൾ രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ നിയമസഭ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സർക്കാർ നിയോഗിച്ച എസ്.പി.വിയായ കിറ്റ്‌കോ തയ്യാറാക്കിയ പദ്ധതി രൂപരേഖ ഗൃഹ മാനദണ്ഡപ്രകാരം പുതക്കേണ്ടി വന്നതും പുതുക്കിയ പ്ലാനിനും മറ്റ് അനുബന്ധ രേഖകൾക്കും കിഫ്ബി ടെക്നിക്കൽ കമ്മിറ്റി അംഗീകാരം ലഭിക്കാൻ കാലതാമസം നേരിട്ടതുമാണ് കെട്ടിട നിർമ്മാണ നടപടികൾ നീണ്ടുപോയത്.

ഇൻകെൽ എജ്യുസിറ്റിയിലെ പുതിയ കോളേജ് കെട്ടിട നിർമ്മാണം ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ പ്രവൃത്തി ഏറ്റെടുത്ത് പൂർത്തിയാക്കുന്നതിലുള്ള അസൗകര്യങ്ങളും കരാറിൽ ഏർപ്പെടുന്നതിനുള്ള കാലതാമസവും കാരണം പദ്ധതിയിൽ നിന്നും ഒഴിവാക്കി തരണമെന്ന് അവർ നിർവ്വഹണ ഏജൻസിയായ കിറ്റ്‌കോയോട് ആവശ്യപ്പെട്ടു. പദ്ധതി അവർ ഏറ്റെടുക്കാത്ത സാഹചര്യത്തിൽ കിറ്റ്കോ റീ ടെൻഡർ നടപടികൾ സ്വീകരിച്ചാണിപ്പോൾ കരാർ നടപടികൾ പൂർത്തീകരിച്ചത്. അക്കാഡമിക് ബ്ലോക്കിന്റേയും കാന്റീൻ ബ്ലോക്കിന്റേയും നിർമ്മാണ പ്രവൃത്തികളാണ് പ്രാഥമിക ഘട്ടത്തിൽ നടക്കുക. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2.30 കോടി രൂപയുടെ കെട്ടിട നിർമ്മാണ പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കുമെന്ന് എം.എൽ.എ അറിയിച്ചു. യോഗത്തിൽ പി.ഉബൈദുള്ള എം.എൽ.എ , കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.സുധീർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. ഷാനവാസ്, അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ, കിഫ്ബി ജനറൽ മാനേജർ ദീപു, കിറ്റ്‌കോ കൺസൾട്ടന്റ് രജിത മറ്റു ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY