SignIn
Kerala Kaumudi Online
Friday, 24 April 2026 6.08 PM IST

കോൺഗ്രസിനുള്ളിൽ പ്രതിഷേധം കനത്തു: തവനൂർ ലീഗിന് നൽകില്ല

Increase Font Size Decrease Font Size Print Page

മലപ്പുറം: കോഴിക്കോട്ടെ തിരുവമ്പാടി സീറ്റ് നൽകി മലപ്പുറം ജില്ലയിലെ തവനൂർ സീറ്റ് ഏറ്റെടുക്കാനുള്ള മുസ്ലിം ലീഗിന്റെ നീക്കം പാളി. ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ഈ നീക്കത്തിന് പച്ചക്കൊടി കാണിച്ചപ്പോൾ പാർട്ടിയെ മൂന്ന് സീറ്റിലേക്ക് ചുരുക്കുന്നത് ലീഗിന് മുന്നിൽ കീഴടങ്ങലാണെന്ന് ചൂണ്ടിക്കാട്ടി എതിർചേരി പ്രതിഷേധം ശക്തമാക്കിയതോടെ യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് സീറ്റ് കൈമാറ്റനീക്കം ഉപേക്ഷിച്ചത്. തവനൂർ ലീഗിന് കൈമാറി തിരുവമ്പാടിയിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിനുള്ളിലെ ആലോചന. ക്രൈസ്തവ വോട്ട് നിർണ്ണായകമായ തിരുവമ്പാടിയിൽ വി.എസ്. ജോയിയെ മത്സരിപ്പിക്കുന്നതിലൂടെ മണ്ഡലം തിരിച്ചിപിടിക്കാനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു യു.ഡി.എഫ് സംസ്ഥാന നേതൃത്വം. ഈ നീക്കത്തിനെതിരെ ഡി.സി.സി വാട്സ് ആപ്പ് ഗ്രൂപ്പിൽ ഒരുകൂട്ടം നേതാക്കൾ കടുത്ത എതിർപ്പ് അറിയിച്ചത് സ്‌ക്രീൻഷോട്ട് സഹിതം പുറത്തുവന്നിട്ടുണ്ട്. പ്രസ്ഥാനത്തോട് ചെയ്യുന്ന കടുത്ത അനീതിയാണെന്നും നേരത്തെ അഞ്ച് സീറ്റ് കിട്ടിയത് നാലാക്കി ചുരുക്കിയതാണെന്നുമാണ് ഒരുവിമർശനം. കോൺഗ്രസിന്റെ ഭാവിയും പ്രവർത്തകരുടെ വികാരവും അഭിമാനവും കാത്തുസൂക്ഷിക്കുന്ന നേതാക്കന്മാർ ജില്ലയിൽ എത്ര പേരുണ്ടെന്ന വിമർശനവും വാട്സ് ആപ്പ് ഗ്രൂപ്പിലുയർന്നു. തവനൂർ സീറ്റ് ഏറ്റെടുക്കാനുള്ള ലീഗിന്റെ നീക്കത്തിൽ തുടക്കം മുതൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷമുയർന്നിരുന്നു. തവനൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വങ്ങൾ ശക്തമായ എതിർപ്പുമായി രംഗത്തുള്ള പശ്ചാത്തലത്തിൽ സീറ്റ് ഏറ്റെടുക്കുന്നത് വിപരീതമായ ഫലമുണ്ടാക്കുമോ എന്നാണ് മുസ്‌ലിം ലീഗിന്റെ ആശങ്ക. നീക്കവുമായി മുന്നോട്ടുപോയാൽ മറ്റ് മണ്ഡലങ്ങളിലും തിരിച്ചടിക്കുമോ എന്ന വിലയിരുത്തലും ലീഗിനുണ്ട്.

തവനൂർ വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരൂമാനത്തിന് പിന്നാലെ സീറ്റ് ലക്ഷ്യമിട്ട് കോൺഗ്രസിൽ ഒരുഡസനിലധികം നേതാക്കൾ രംഗത്തുണ്ട്. പി.ടി. അജയ് മോഹൻ. വി. ബാബുരാജ്, ആലിപ്പറ്റ ജമീല, എ.എം. രോഹിത്, സുരേഷ് പുൽപ്പാക്കര എന്നിവരും പൊന്നാനിയിൽ കെ.പി. നൗഷാദലി, കെ.പി. അബ്ദുൽ മജീദ്, സിദ്ദിഖ് പന്താവൂർ, സമദ് മങ്കട എന്നിങ്ങനെയും സീറ്റിനായി സമ്മർദ്ദവുമായി രംഗത്തുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ തവനൂരിൽ വിജയസാദ്ധ്യത വിലയിരുത്തുന്നതിനാൽ സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടംപിടിക്കാനുള്ള തീവ്രശ്രമങ്ങളിലാണ് നേതാക്കൾ.

വേണ്ടത് മണ്ഡ‌ലത്തിലെ നേതാവിനെ

ജില്ലയ്ക്ക് പുറത്തുനിന്നുള്ള പ്രധാന നേതാവിനെ തവനൂരിൽ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തെ പ്രതിരോധിക്കാനാണ് പ്രാദേശിക നേതൃത്വങ്ങളുടെ തീരുമാനം. സീറ്റ് ലക്ഷ്യമിടുന്ന ജില്ലയിൽ നിന്നുള്ള നേതാക്കന്മാരുടെ ചരടുവലിയും ഈ പ്രതിഷേധത്തിന് പിന്നിലുണ്ടെന്നാണ് കോൺഗ്രസിലെ അടക്കം പറച്ചിൽ. വിജയം കണക്കുകൂട്ടുമ്പോഴും വലിയ മാർജ്ജിൻ കോൺഗ്രസിന്റെ ആഭ്യന്തര സർവേയിലും കാണുന്നില്ലെന്നാണ് വിവരം. പ്രാദേശിക നേതൃത്വങ്ങൾ ഒരേമനസ്സോടെ പ്രവർത്തിച്ചാൽ 5,000ത്തിൽ കുറയാത്ത ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഈ സൗഹചര്യത്തിൽ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും പിണയ്ക്കുന്നത് തവനൂരിലെ സാദ്ധ്യതകളെ ഇല്ലാതാക്കിയേക്കുമോയെന്ന ആശങ്ക കൂടിയാണ് തവനൂർ ലീഗിന് വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് നേതൃത്വത്തെ എത്തിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ തവനൂരിൽ 9,440 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. തവനൂർ നിയമസഭാ പരിധിയിലെ തവനൂർ, കാലടി, വട്ടംകുളം, എടപ്പാൾ, മംഗലം, തൃപ്പങ്ങോട്, പുറത്തൂർ പഞ്ചായത്തുകളെല്ലാം യു.ഡി.എഫ് നേടിയിട്ടുണ്ട്.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.