മലപ്പുറം: ജില്ലയിൽ തൊഴിൽ വകുപ്പിന്റെ രജിസ്‌ട്രേഷനും തിരിച്ചറിയൽ കാർഡുമുള്ളത് 28,460 അന്യ സംസ്ഥാന തൊഴിലാളികൾക്ക് മാത്രം. രണ്ട് ലക്ഷം തൊഴിലാളികളെങ്കിലും ജില്ലയിൽ ഉണ്ടാവുമെന്നാണ് അനുമാനം. കരാറുകാരും തൊഴിലുടമകളും ഇക്കാര്യം ഗൗരവത്തിൽ എടുക്കാത്തതാണ് രജിസ്ട്രേഷനിൽ പിന്നാക്കം പോവാൻ കാരണം. പശ്ചിമ ബംഗാൾ, അസം, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ജില്ലയിൽ ഏറെയും. തൊഴിലാളികളിൽ ഭൂരിഭാഗവും നിർമ്മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. മത്സ്യബന്ധന മേഖലയിലും കുറവല്ലാത്ത എണ്ണം പേരുണ്ട്.
അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും വർദ്ധിച്ച സാഹചര്യത്തിൽ തൊഴിലാളികൾ നിയമപരമായി ജോലി ചെയ്യുന്നവരും രജിസ്റ്റർ ചെയ്തവരുമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് തൊഴിൽ വകുപ്പ് അതിഥി പോർട്ടലിൽ വഴി രജിസ്‌ട്രേഷൻ ആരംഭിച്ചത്. തൊഴിലുടമകൾ, കോൺട്രാക്ടർമാർ, തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ, തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പോർട്ടലിൽ രേഖപ്പെടുത്തണം. മൊബൈൽ മുഖേന രജിസ്റ്റർ ചെയ്യാനുള്ള എളുപ്പത്തിന് അതിഥി ആപ്പും തയ്യാറാക്കിയിട്ടുണ്ടെങ്കിലും കോൺട്രാക്ടർമാർ ഉൾപ്പെടെയുള്ളവർ താത്പര്യം പ്രകടിപ്പിക്കാത്തതാണ് രജിസ്‌ട്രേഷൻ വലിയ തോതിൽ കുറയാൻ കാരണം. ഇന്റർസ്‌റ്റേറ്റ് മൈഗ്രന്റ് വർക്ക്‌മെൻ ആക്ട് പ്രകാരം തൊഴിലുടമകളും കോൺട്രാക്ടർമാരും രജിസ്‌ട്രേഷൻ കർശനമായി നടത്തണമെങ്കിലും മിക്കപ്പോഴും ഇതിന് തുനിയാറില്ല. ഒരു തൊഴിലിടത്ത് കൂടുതൽ കാലം ജോലി ചെയ്യുന്ന പ്രവണത അന്യസംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ കുറവാണ് എന്നതും രജിസ്‌ട്രേഷന് മുൻകൈയെടുക്കുന്നതിൽ നിന്ന് തൊഴിലുടമകളെ പിന്നോട്ടുവലിപ്പിക്കുന്നുണ്ട്.
അസി. ലേബർ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകൾ തൊഴിലാളി ക്യാമ്പുകൾ, കെട്ടിട നിർമ്മാണ സൈറ്റുകൾ പരിശോധിച്ച് രജിസ്‌ട്രേഷൻ നടത്താത്തവരെ കണ്ടെത്തി രജിസ്റ്റർ ചെയ്യിപ്പിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമായിട്ടില്ല. തിരിച്ചറിയൽ രേഖകളുടെ പരിശോധന, മയക്കുമരുന്ന് വിരുദ്ധ പരിശോധനകൾ എന്നിവ പൊലീസ് നടത്താറുണ്ടെങ്കിലും വ്യാപകമോ, കൃത്യമായി ഇടവേളകളിലോ നടക്കാറില്ല.
എളുപ്പമാണ് രജിസ്‌ട്രേഷൻ
അന്യസംസ്ഥാന തൊഴിലാളികളിൽ നല്ലൊരു പങ്കിനും ആരോഗ്യ പരിരക്ഷ ഉൾപ്പെടെ ഉറപ്പുവരുത്തുന്ന അതിഥി പോർട്ടൽ രജിസ്‌ട്രേഷനെ കുറിച്ചുള്ള അവബോധം കുറവാണ്.
തൊഴിലാളികളുടെ ഫോട്ടോയും തിരിച്ചറിയൽ രേഖയും പോർട്ടലിൽ സമർപ്പിച്ചാൽ മതി.
കുറഞ്ഞ നടപടിക്രമങ്ങളിലും സമയപരിധിക്കകവും രജിസ്‌ട്രേഷൻ പൂർത്തീകരിക്കാനാവും.
രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് സ്ഥാപനം മാറുമ്പോൾ രജിസ്‌ട്രേഷൻ നിലനിറുത്തി തന്നെ പഴയ സ്ഥാപനത്തിൽ നിന്ന് ഒഴിവാകുന്നതിനും പുതിയ സ്ഥാപനത്തിലേക്ക് ചേർക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |