മലപ്പുറം: കേരളകൗമുദിയുടെ മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്ക്കാരം മലബാർ അക്കാദമിക്ക് സിറ്റി വൈസ് ചെയർപേഴ്സൺ സമീറ അലി ബാവ, പി.ഉബൈദുള്ള എം.എൽ.എയിൽ നിന്നും ഏറ്റുവാങ്ങി. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേരളകൗമുദിയുടെ നേതൃത്വത്തിൽ ഐ.എച്ച്.എം.എ (ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷൻ) കേരള വിമൺസ് വിംഗ്, പ്രിവൻഷ്യ ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ച് മലപ്പുറം കോട്ടപ്പടി പ്ലാസ റെസിഡൻസിയിൽ നടത്തിയ സെമിനാറിലാണ് പുരസ്‌കാരം നൽകിയത്.
മലബാർ ഡെന്റൽ കോളേജ്, മലബാർ കോളേജ് ഓഫ് ഫാർമസി, മലബാർ ആർട്സ് ആന്റ് സയൻസ് കോളേജ് സ്ഥാപനങ്ങളുടെ വൈസ് ചെയർപേഴ്സണാണ് സമീറ. മലബാർ അക്കാദമിക് സിറ്റി വൈസ് ചെയർപേഴ്സൺ സ്ഥാനം ഒമ്പത് വർഷം മുമ്പ് ഏറ്റെടുത്തത് മുതൽ പിതാവിൽ നിന്ന് പഠിച്ച പാഠങ്ങളാണ് മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമായത്. ചെറിയ രീതിയിൽ ആരംഭിച്ച് ബിസിനസ് രംഗത്തെ ഉയർച്ചകൾ കീഴടക്കിയ സി.പി.അലിബാവയാണ് പിതാവ്.
കേരള ആരോഗ്യ സർവകലാശാല നടത്തിയ 2025ലെ എം.ഡി.എസ് പരീക്ഷയിൽ മലബാർ ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനിയാണ് ഒന്നാം റാങ്ക് നേടിയത്. ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനിവാര്യമാണെന്ന ആശയത്തിലൂന്നിയാണ് സമീറ മുന്നോട്ടുപോവുന്നത്. സ്ത്രീകൾക്ക് സ്വന്തം കഴിവുകളിൽ ആത്മവിശ്വാസമുണ്ടെങ്കിൽ ഏത് വെല്ലുവിളിയും അതിജീവിക്കാനാകും. സ്ത്രീകൾ അവരുടെ സ്വപ്നങ്ങളെ ഭയപ്പെടാതെ പിന്തുടർന്നാൽ സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനാകുമെന്നും സമീറ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |