തിരൂർ: ശക്തമായ പോര് നടക്കുന്ന തിരൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നിമിഷം ഇടതിന് വിനയായി മന്ത്രി വി.അബ്ദുറഹ്മാന്റെ 'പാക്കിസ്ഥാൻ' പരാമർശം. രണ്ടുതവണ മത്സരിച്ച് വിജയിച്ച താനൂരിനെ പാകിസ്ഥാനുമായി ഉപമിച്ചാണ് അബ്ദുറഹ്മാൻ പ്രചാരണത്തിനിടെ സംസാരിച്ചത്. 'നമ്മുടെ എതിരാളികൾ പറയുന്നു, നമ്മൾ താനൂരിൽ നിന്ന് തോറ്റ് മടങ്ങിയെന്ന്. രണ്ട് മാച്ച് നമ്മൾ കളിച്ചു, താനൂരിൽ, പാകിസ്താനിൽ വച്ച് കളിച്ചു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇത് മൂന്നാമത്തെ മാച്ചാണ്. അത് നമ്മുടെ ഹോം ഗ്രൗണ്ടായ തിരൂരിൽ വച്ച് കളിക്കുന്നു. നമുക്ക് ജയിക്കേണ്ടേ?' എന്ന ചോദ്യം ഉയർത്തിയാണ് കായിക മന്ത്രി കൂടിയായ വി.അബ്ദുറഹ്മാൻ സംസാരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗായകൻ ഹനാൻഷയെ കൊണ്ടുവന്ന തിരൂരിലെ വേദിയിലാണ് അബ്ദുറഹ്മാന്റെ പരാമർശം. ഇക്കാര്യം വിവാദമായതോടെ കടുത്ത വിമർശനവുമായി യു.ഡി.എഫ് ക്യാമ്പ് ഇത് ഏറ്റുപിടിച്ചിട്ടുണ്ട്. വി.അബ്ദുറഹ്മാൻ താനൂരിനെ അവഹേളിച്ചെന്ന് തിരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ പാകിസ്ഥാൻ പതാകയെന്ന് അവഹേളിച്ച അമിത്ഷായുടെ അതേ നിലപാടാണ് മന്ത്രിയുടേതെന്നും കുറുക്കോളി മൊയ്തീൻ പറഞ്ഞു.
വിവാദത്തിൽ വെട്ടിലായതോടെ വിശദീകരണവുമായി വി.അബ്ദുറഹിമാൻ രംഗത്തെത്തി. 'തിരൂരിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യ -പാകിസ്ഥാൻ മത്സരം പോലെയായിട്ടുണ്ട്. ഇന്ത്യ -പാകിസ്ഥാൻ മത്സരം നടക്കുമ്പോൾ വലിയ ആരവമാണ്. അതുപോലെയാണ് തിരഞ്ഞെടുപ്പും നടക്കുന്നത്. തിരൂർ എന്നത് എന്റെ ഹോം ഗ്രൗണ്ടാണ്. അതുകൊണ്ടുതന്നെ ഇവിടെ നല്ല രീതിയിൽ മുന്നേറാൻ കഴിയും' അബ്ദുറഹ്മാൻ മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. താൻ പ്രചാരണ വേളയിൽ പറഞ്ഞ കാര്യങ്ങൾ മുസ്‌ലിം ലീഗ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് മന്ത്രിയുടെ വാദം. ആദ്യത്തെ രണ്ട് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനെയാണല്ലോ പരാജയപ്പെടുത്തിയത്. ഈ തിരഞ്ഞെടുപ്പിലും നമ്മൾ ജയിച്ചാൽ മൂന്ന് മത്സരം വിജയിക്കും. അല്ലാതെ വേറെന്ത്' എന്നാണ് വിവാദത്തോട് അബ്ദുറഹ്മാന്റെ നിലപാട്.
സുരക്ഷിത മണ്ഡലമെന്ന് മുസ്‌ലിം ലീഗ് വിലയിരുത്തിയ തിരൂരിൽ വി.അബ്ദുറഹ്മാന്റെ വരവോടെ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായിട്ടുണ്ട്. പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം എത്തിയെന്ന എൽ.ഡി.എഫിന്റെ വിലയിരുത്തലിന് ഇടയിലാണ് വി.അബ്ദുറഹ്മാന്റെ വിവാദ പരാമർശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |