മലപ്പുറം: ജില്ലയിൽ തെരുവുനായ ശല്യം ഒഴിയുന്നില്ല. ടൗണുകളിലും നാട്ടിൻപുറങ്ങളിലുമെല്ലാം ഒരുപോലെ ഭീതിനിറച്ച് വിലസുകയാണിവ. കൂട്ടമായെത്തുന്നതിനാൽ നായകളെ ഓടിക്കാനും അവയുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും ജനങ്ങളും പാടുപെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടിയെടുക്കുന്നതിൽ അലംഭാവം കാണിക്കുന്നെന്ന പരാതി നേരത്തെയുള്ളതാണ്. തെരുവുനായകളെ പിടികൂടുകയോ വന്ധ്യംകരണം വേഗത്തിലാക്കുകയോ വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിനും പഴക്കമുണ്ട്. മികച്ച പരിശീലനം ലഭിച്ച നായപിടുത്തക്കാരെ എത്തിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്.
മഞ്ചേരി നഗരത്തിൽ അടുത്തിടെ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ്, ചന്തക്കുന്ന് പരിസരങ്ങളിലാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിലെത്തിയ രോഗികൾക്കും ജീവനക്കാർക്കും കടിയേറ്റിരുന്നു. പിന്നീട് ആശുപത്രി പരിസരത്ത് നായയെ ചത്ത നിലയിൽ കണ്ടെത്തി. പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ നടത്തിയ പരിശോധനയിൽ പേ വിഷബാധയും സ്ഥിരീകരിച്ചു.
മഞ്ചേരി മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലിന് മുൻപിലും ഇവ കൂട്ടമായെത്തുന്നതിനാൽ പുറത്തിറങ്ങൻ സാധിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചിരുന്നു. പരിഹാരമാവശ്യപ്പെട്ട് പ്രിൻസിപ്പൽ ജില്ലാ കളക്ടർക്ക് പരാതിയും നൽകി.
ചെറുകാവ് പഞ്ചായത്തിലെ പറവൂരിൽ ഗൃഹസമ്പർക്കത്തിനിടെ ആശ പ്രവർത്തകയ്ക്ക് കടിയേറ്റിരുന്നു. നിലമ്പൂർ അകമ്പാടത്ത് ആറംകോട് വീട്ടമ്മയുൾപ്പെടെ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റിട്ടിട്ടും അധികമായിട്ടില്ല. വീട്ടമ്മയുടെ വലത് കൈ കടിച്ചുമുറിച്ചു. മറ്റുള്ളവർക്കും സാരമായി പരിക്കേറ്റു.
നടത്തം പിന്നീട് ഓട്ടമാകും
രാവിലെ നടക്കാനിറങ്ങുന്നവരൊക്കെ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടേണ്ട അവസ്ഥയാണ് പലയിടത്തും. മദ്രസയിലേക്ക് രാവിലെ നേരത്തെ പോകുന്ന വിദ്യാർത്ഥികൾ ഇവയെ കണ്ട് പേടിച്ചോടുന്നത് നിത്യസംഭവമാണ്. ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ മുന്നിലേക്ക് ചാടുന്നതും ഓടി പിന്തുടരുന്നതും കാരണം അപകടത്തിൽ പെട്ട് പരിക്കേറ്റവരും ഏറെ.
കാൽനടയാത്രക്കാരുടെ തൂക്കിപ്പിടിച്ച സഞ്ചികൾ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നതായും പരാതിയുണ്ട്.
ഹോട്ടലുകളിൽ നിന്നും അറവുശാലകളിൽ നിന്നും പുറംതള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങൾ കാത്ത് നടവഴികളിലും റോഡരികുകളിലും കൂട്ടത്തോടെ നിലകൊള്ളുന്ന നായ്ക്കളുണ്ടാക്കുന്ന ഭീതിയ്ക്കും ഇപ്പോൾ അളവില്ലാതായി. ഭക്ഷണാവശിഷ്ടങ്ങൾ പുറംതള്ളാതെ കൃത്യമായി സംസ്കരിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.
മഞ്ചേരിയിൽ വാക്സിനേഷൻ
പേവിഷ ബാധ തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി മഞ്ചേരിയിൽ തെരുവ് നായ്ക്കളെ പിടികൂടി വാക്‌സിനേഷൻ ചെയ്യുന്ന നടപടി ഊർജ്ജിതമാക്കി. നഗരത്തിൽ അടുത്തിടെ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കൗൺസിൽ ചേർന്ന് പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. വിദഗ്ദ്ധ പരിശീലനം ലഭിച്ച നാല് പേരുടെ നേതൃത്വത്തിലാണ് നായ്ക്കളെ പിടികൂടിയത്. പിന്നീട് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ കുത്തിവയ്പ്പെടുക്കും. രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രോഗ്രാമിൽ 105 നായ്ക്കൾക്ക് വാക്സിനേഷൻ എടുത്തു.
മൃഗ ഡോക്ടറെ കാണിക്കണം
തെരുവുനായയുടെ കടിയേറ്റാൽ അണുബാധയുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കൃത്യമായ കുത്തിവയ്പ്പുകൾ എടുത്തിട്ടുള്ള വളർത്തുനായയുടെ കടിയേൽക്കുകയാണെങ്കിൽ അണുബാധയുടെ സാദ്ധ്യത വളരെ കുറവാണ്. എന്നാലും കൃത്യമായ നിർണ്ണയത്തിന് ഡോക്ടറുടെ സഹായം തേടണം. വളർത്തു നായകളുടെ പെരുമാറ്റ രീതികളിലെ മാറ്റം ശ്രദ്ധിക്കണം. ആക്രമണ സ്വഭാവം കൂടുക, അസാധാരണമായി മൂകമായിരിക്കുക, അടുത്തു ചെല്ലുമ്പോൾ പതിവില്ലാതെ ആക്രമിക്കാൻ ശ്രമിക്കുക തുടങ്ങിയ അസാധാരണമായ മാറ്റങ്ങൾ കാണുകയാണെങ്കിൽ എത്രയും വേഗം മൃഗ ഡോക്ടറെ കാണിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |