തിരുവനന്തപുരം: തെരുവുനായ ആക്രമണങ്ങളിൽ ഇരകളാകുന്നവർക്ക് നഷ്ടപരിഹാരം പരിഗണിക്കുന്നതിനുള്ള ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം ഇന്നലെ പുനരാരംഭിച്ചു. സർക്കാരിന്റെ താത്കാലിക അനുമതി ലഭിച്ചതോടെയാണിത്. ഒരു വർഷമായി ഇത് നിശ്ചലമായിരുന്നു.
2024 മേയ് 9ന് സുപ്രീംകോടതി, തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അതത് ഹൈക്കോടതികളുടെ പരിഗണനയ്ക്ക് വിട്ടതോടെയാണ് സിരിജഗൻ കമ്മിറ്റി പ്രവർത്തനം നിറുത്തിയത്. സർക്കാരിന്റെയോ കോടതികളുടെയോ വ്യക്തമായ നിർദ്ദേശങ്ങളില്ലാതെ പുതിയ അപേക്ഷകൾ പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സിരിജഗൻ സർക്കാരിനെ അറിയിച്ചിരുന്നു. മൃഗങ്ങൾ,ഉരഗങ്ങൾ,മറ്റു ജീവികൾ എന്നിവയുടെ ആക്രമണങ്ങളിൽ ഇരകളാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കേരള ലീഗൽ സർവീസസ് അതോറിട്ടിയുമായി കൂടിയാലോചിച്ച് രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി 2024 ഡിസംബർ 18ന് നിർദ്ദേശം നൽകിയിരുന്നു. പിന്നാലെയാണ് ഇത്തരം നഷ്ടപരിഹാര അപേക്ഷകൾ തീർപ്പാക്കാനുള്ള ജില്ലാതല സമിതികൾ രൂപീകരിക്കാൻ സർക്കാർ നടപടി തുടങ്ങിയത്. ഏഴു മാസമായിട്ടും നടപടികൾ എങ്ങുമെത്തിയില്ല.
കൊച്ചിയിലാണ് ഓഫീസ് പ്രവർത്തനം. നിലവിലുള്ള അപേക്ഷൾ തീർപ്പാക്കുന്നതിനൊപ്പം, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് നോട്ടീസ് അയയ്ക്കുന്ന നടപടികളും ആരംഭിച്ചു. ജില്ലാതല സമിതികൾ രൂപീകരിക്കുന്നത് വരെ സിരിജഗൻ കമ്മിറ്റി തുടരും.
9000 പരാതികൾ
2016ൽ സുപ്രീംകോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച സിരിജഗൻ കമ്മിറ്റിക്കു ലഭിച്ച 9000 പരാതികൾ തീർപ്പാക്കാനുണ്ട്. നാലായിരത്തോളം പേർക്ക് സഹായം അനുവദിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഡയറക്ടറുമാണ് കമ്മിറ്റിയിലെ അംഗങ്ങൾ. പരിക്കിന്റെ ഗുരുതരാവസ്ഥ, പരിക്കേറ്റയാളുടെ പ്രായം, അംഗവൈകല്യം,തൊഴിൽ നഷ്ടം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്.
'സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റി പഴയത് പോലെ
പ്രവർത്തിക്കും.'
-റിട്ട.ജസ്റ്റിസ് സിരിജഗൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |