കൊച്ചി: തെരുവുനായ നിയന്ത്രണത്തിനായി തദ്ദേശവകുപ്പിന് സർക്കാർ 98 കോടി രൂപ കൈമാറിയപ്പോൾ ചെലവിട്ടത് 13 കോടി മാത്രം. മാർഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിലാണ് സർക്കാർ സമർപ്പിച്ച ഈ വിവരമുള്ളത്.
സംസ്ഥാനത്ത് 2 മുതൽ 3 ലക്ഷം വരെ തെരുവുനായ്‌ക്കളുണ്ടെന്നാണ് സർക്കാർ കണക്ക്. 17 എ.ബി.സി കേന്ദ്രങ്ങളേയുള്ളൂ. ഇത് അപര്യാപ്തമാണ്. പ്രവർത്തനവും കാര്യക്ഷമമല്ല. 2024-"25ൽ 15,767 നായ്‌ക്കളെ മാത്രമാണ് വന്ധ്യം കരിച്ചത്. സർക്കാർ സജീവമായി ഇടപെടണമെന്നും തെരുവുനായ നിയന്ത്രണത്തിന് നടപടി ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേ കോടതി നിർദ്ദേശിച്ചു.
ഉത്തരവിൽ നിന്ന്
മുൻകാല ഉത്തരവുകൾ സർക്കാരും തദ്ദേശസ്ഥാപനങ്ങളും കർശനമായി നടപ്പാക്കണം.
തെരുവു നായ്‌ക്കളുടെ കൃത്യമായ എണ്ണം, കടിയേറ്റ സംഭവങ്ങൾ, മരണസംഖ്യ, പേവിഷ വാക്സിനെടുത്തവർ എത്ര എന്നിവ വ്യക്തമാക്കി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രണ്ടാഴ്ചയ്‌ക്കകം മറുപടി സത്യവാംഗ്‌മൂലം നൽകണം.
ജില്ലാതല സമിതി രൂപീകരണത്തിന് കെൽസ നടപടിയെടുക്കണം. സിരിജഗൻ കമ്മിറ്റിയുടെ മാതൃകയിലാകണം പ്രവർത്തനം.
സമിതികളുടെ സുഗമമായ പ്രവർത്തനത്തിന് കെൽസ മാർഗരേഖയുണ്ടാക്കണം. തുടർച്ചയായ സിറ്റിംഗ് ഉറപ്പാക്കണം. നോഡൽ ഓഫീസർമാർ സഹായിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |