ആലത്തൂർ: മംഗലംഡാം ആർ.ബി.സി കനാലിന്റെ കാവശ്ശേരി ഭാഗത്തെ വാലറ്റത്ത് വെള്ളമെത്താതെ 100 ഹെക്ടറിലെ നെൽക്കൃഷി ഉണക്കുഭീഷണിയിൽ. കഴനി ചുങ്കം, കല്ലേപ്പുള്ളി, വാവുള്ള്യാപുരം, പാടൂർ, കടമ്പിടി, ചീനിക്കോട് പ്രദേശത്തെ നെൽക്കൃഷിയാണ് വെള്ളമില്ലാതെ നിലം വിണ്ടുകീറിയ അവസ്ഥയിലായത്. ജനുവരി ഒന്നിനാണ് കനാൽ തുറന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും വാലറ്റത്ത് വെള്ളം എത്തിയില്ല. ഊഴവും ഷട്ടർ ക്രമീകരണവും പ്രകാരം വെള്ളം തുറന്നുവിടുന്നതിന്റെ അളവ് കുറഞ്ഞതിനാലാണ് വാലറ്റത്തേക്ക് വെള്ളമെത്താത്തതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടാംവിളക്കാലത്ത് ഇതേ പ്രശ്നംമൂലം 15 ഹെക്ടറിലെ നെൽക്കൃഷി നശിച്ചിരുന്നു.
വെള്ളമെത്താത്ത പ്രശ്നം കനാൽവിഭാഗം ഉദ്യോഗസ്ഥരെ ഫോണിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് കർഷകർ പറഞ്ഞു. തുടർന്ന് കഴനിചുങ്കം, കല്ലേപ്പുള്ളി, വാവുള്ള്യാപുരം, പാടൂർ, കടമ്പിടി, ചീനിക്കോട് പാടശേഖരങ്ങളിലെ ഇരുപതിലേറെ കർഷകർ ചൊവ്വാഴ്ച രാവിലെ ആലത്തൂർ കനാൽ സബ്ഡിവിഷൻ അസി. എൻജിനിയറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധവുമായെത്തി.
മംഗലംഡാമിൽ ആവശ്യത്തിന് ജലശേഖരമുള്ളതിനാൽ കനാലിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് അധികാരികൾ ഉറപ്പുനൽകിയതായി കല്ലേപ്പുള്ളി പാടശേഖരസമിതി സെക്രട്ടറി എസ്.പ്രേമരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |