വടക്കഞ്ചേരി: കാലവർഷം നേരത്തെ എത്തിയത് മലയോര മേഖലയിലെ നെൽകർഷകർക്ക് തിരിച്ചടിയായി. ഒന്നാം വിള കൃഷി വിതച്ചവർക്കും, ഞാറ് പാകിയവർക്കുമെല്ലാം വിത്ത് മുളക്കാതെ അഴുകി പോയ അവസ്ഥയാണ്. നെല്ലിന് പകരം കൂർക്ക ഉൾപ്പെടെ കൃഷിക്കായി നിലം ഒരുക്കിയതും കനത്ത മഴയിൽ ഒഴുകിപ്പോയി. ദുരിതപ്പെയ്ത്തിൽ വ്യാപക കൃഷിനാശമാണുണ്ടായത്. ഒന്നാം വിള ഞാറ്റടി ഒരുക്കിയത് മഴ കൂടിയതോടെ നശിച്ചു. വലിയ വില കൊടുത്തു വാങ്ങിയ നെൽ വിത്ത് ഞാറുപാകിയത് ചെളിയിലമർന്ന് മുളയ്ക്കാത്തതും മുളവന്നത് ചെളിയിലമർന്നതും കർഷകർക്ക് തിരിച്ചടിയായി. ഞാറ്റടി നാശം നേരിട്ട ഇടങ്ങളിൽ പകരം ഇനി നിലം ഉഴുത് നിരപ്പാക്കി മഴ മുന്നറിയിപ്പ് നോക്കി വേണം മൂപ്പ് കുറഞ്ഞ വിത്ത്ഞാറു പാകാൻ. മഴ നാശത്തിന് പുറമെ കാട്ടുപന്നിക്കൂട്ടങ്ങളും പാടത്തിറങ്ങി മുള പൊങ്ങിയ ഞാറ് ചവിട്ടിമെതിച്ച് നശിപ്പിക്കുന്നതും കർഷകർക്ക് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |