മുതലമട: കേരളത്തിൽ ജിയോളജി വകുപ്പ് അനുവദിക്കുന്ന മണൽ പാസിന്റെ മറവിൽ തമിഴ്നാട്ടിൽ അനധികൃത മണൽ വില്പന തകൃതി. പാലക്കാട് ജില്ലയിലെ വാളയാർ കനാൽ പിരിവ്, കല്ലേക്കാട്, വേലാന്താവളം, ചുണ്ണാമ്പുകൽത്തോട് തുടങ്ങിയ മണൽ യാഡുകളിൽ നിന്നാണ് അനധികൃത മണൽ പാസ് തമിഴ്നാട്ടിലെ ലോറികൾക്ക് നൽകുന്നത്. തമിഴ്നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മണൽ കടത്തുന്നതിനായാണ് ഇവ വ്യാപകമായി ഉപയോഗിക്കുന്നത്. തമിഴ്നാട്ടിൽ മണൽ പാസ് ലഭിക്കാൻ സർക്കാർ നിയമം കർശനമാക്കിയതും തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ ചെറുകിട മണൽ നിർമ്മാണ യൂണിറ്റുകൾ ആരംഭിച്ചതുമാണ് കേരളത്തിൽ നിന്നുള്ള അനധികൃത മണൽ പാസ് തമിഴ്നാട്ടിൽ വ്യാപകമായി വിറ്റഴിക്കാൻ കാരണമായത്. കോയമ്പത്തൂർ, ചെന്നൈ, ദിണ്ടിഗൽ, സേലം, മേട്ടൂർ, തിരുച്ചിറപ്പള്ളി, തെങ്കാശി, കരൂർ, തിരുപ്പൂർ തുടങ്ങിയ ഇടങ്ങളിലേക്കാണ് തമിഴ്നാട്ടിൽ നിന്നെടുക്കുന്ന മണൽ കേരളത്തിന്റെ പാസ് ഉപയോഗിച്ച് കടത്തുന്നത്. 10 യൂണിറ്റ് കപ്പാസിറ്റിയുള്ള വണ്ടിക്ക് 2500 രൂപയാണ് പാസിന് നൽകേണ്ടത്. ഈ പാസ് വാട്സാപ്പിലേക്ക് കൈമാറിയാൽ ലോഡ് കയറ്റിയ വണ്ടികൾ അത് പ്രിന്റ് എടുത്ത് വണ്ടിയിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. മണൽ ലോഡ് ഒന്നിന് 75000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് തമിഴ്നാട്ടിലെ വില. കേരളത്തിൽ നിന്നുള്ള മണലിന് ജിയോളജി വകുപ്പ് അനുവദിക്കുന്ന പാസ് തമിഴ്നാട്ടിൽ ദുരുപയോഗം ചെയ്യുമ്പോൾ പ്രതിസന്ധിയിൽ ആവുന്നത് കേരളത്തിലെ മണൽ വ്യാപാരികളാണ്. കേരളത്തിലെ ക്രഷർ യൂണിറ്റുകൾക്കും ഇതു വലിയ വെല്ലുവിളിയാവുകയാണ്. കേരളത്തിൽ നിന്നുള്ള ടൺ കണക്കിന് മണൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഒരു യാർഡിൽ ഒരു ദിവസം 30 പാസുകൾ വരെയാണ് അനുവദിക്കുന്നത്. ഒരു പാസ് തന്നെ പല പകർപ്പുകൾ എടുത്ത് ഒന്നിലധികം വണ്ടികളിൽ ഉപയോഗിക്കുന്നതായും കാലാവധി കഴിഞ്ഞ പാസ് തിരുത്തി ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. ഇതുവഴി തമിഴ്നാട്ടിലെ മണൽ ലോബികൾ വൻ നികുതിവെട്ടിപ്പാണ് നടത്തുന്നത്. അനധികൃത പാസ് വില്പനയ്‌ക്കെതിരെ ജില്ലാ കളക്ടറേയും വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിക്കാൻ ഒരുങ്ങുകയാണ് മണൽ നിർമ്മാണ കമ്പനികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |