പാലക്കാട്: കാർഷിക മേഖലയ്ക്ക് മാതൃകയാക്കാം ചിറ്റൂർ താലൂക്കിലെ സാമൂഹിക സൂക്ഷ്മ ജലസേചന (കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ) പദ്ധതികൾ. കരടിപ്പാറ, മൂങ്കിൽമട, വലിയേരി, നാവിതാംകുളം, കുന്നംകാട്ടുപതി എന്നിങ്ങനെ മണ്ഡലത്തിലെ വിവിധയിടങ്ങളിലായി നടപ്പാക്കുന്ന പദ്ധതികൾ സംസ്ഥാനത്തിനാകെ പുതിയ ദിശാബോധം നൽകുമെന്ന് പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ചിറ്റൂർ എം.എൽ.എ കൂടിയായ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറയുന്നു.
കുറഞ്ഞ വെള്ളം, കൂടുതൽ വിളവ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്, കുറഞ്ഞ വെള്ളത്തിൽ കൂടുതൽ വിളവ് ഉത്പാദിപ്പിക്കാൻ കർഷകരെ പ്രാപ്തരാക്കുന്ന കൃഷിരീതിയാണിത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കിഫ്‌കോ) നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിലാക്കിയത്.
ഇസ്രായേൽ, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഇറിഗേഷൻരീതിയാണിത്. വിളകൾക്ക് ആവശ്യമുള്ള സമയത്ത്, ആവശ്യമുള്ള അളവിൽമാത്രം വെള്ളവും വളവും (ഫെർട്ടിഗേഷൻ) നൽകുന്നതിലൂടെ ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കാനും വിളവ് വർദ്ധിപ്പിക്കാനും സാധിക്കുന്നു. ഇത് എല്ലാ കർഷകർക്കും തുല്യമായ ജലവിതരണം ഉറപ്പാക്കുകയും ചെയ്യും.
പൂർത്തിയായത് അഞ്ച് പദ്ധതികൾ
ചിറ്റൂർ താലൂക്കിൽ 22 കോടിയോളം രൂപ ഭരണാനുമതി ലഭിച്ച അഞ്ച് പദ്ധതികളാണ് പൂർത്തിയാക്കിയത്. കരടിപ്പാറ പദ്ധതി 3.1 കോടി രൂപ ചെലവിൽ 171 ഏക്കറിൽ 64 കർഷകർക്ക് പ്രയോജനം ചെയ്തു. മൂങ്കിൽമട പദ്ധതി 6.79 കോടി രൂപ ചെലവിൽ 305 ഏക്കറിലായി 86 കർഷകർക്കും, വലിയേരി പദ്ധതി 3.88 കോടി രൂപ ചെലവിൽ230 ഏക്കറിൽ 68 കർഷകർക്കും, നാവിതാംകുളം പദ്ധതി 3 കോടി രൂപ ചെലവിൽ125 ഏക്കറിലായി 32 കർഷകർക്കും, കുന്നംകാട്ടുപതി പദ്ധതി 5.21 കോടി രൂപ ചെലവിൽ 305 ഏക്കറിൽ97 കർഷകർക്കും ഗുണഫലം നൽകി. ദീർഘിപ്പിക്കൽ പുരോഗമിക്കുന്ന മൂലത്തറ വലതുകര കനാലിന്റെ ഭാഗങ്ങളിലും ഈ രീതിയിലുള്ള ജലസേചന സൗകര്യമാണ് ഒരുക്കുക.
കർഷകർക്ക് സാമ്പത്തിക ലാഭം
പദ്ധതികൾ കർഷകർക്ക് വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കുന്നത്. ഒരു കർഷകൻ സ്വന്തമായി പമ്പ്, ഓട്ടോമാറ്റിക് സംവിധാനം, ഫെർട്ടിഗേഷൻ തുടങ്ങിയവ സ്ഥാപിക്കാൻ ഒരേക്കറിന് കുറഞ്ഞത് 1.79 ലക്ഷം രൂപ ചെലവ് വരുമ്പോൾ, സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതി പ്രകാരം ഇത് ഏക്കറിന് ഏകദേശം 1,20,000 രൂപ മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |