പാലക്കാട്: സപ്ലൈകോ നെല്ലുസംഭരണത്തിൽ കഴിഞ്ഞ രണ്ടാംവിളയിൽ മേയ് ഒന്നു മുതൽ സ്ഥിരീകരിച്ച പി.ആർ.എസുകളിൽ വില വിതരണത്തിന് നടപടി എങ്ങുമെത്തിയല്ല, ആശങ്കയിൽ ജില്ലയിലെ നെൽകർഷകർ. ഏപ്രിൽ 30വരെ സ്ഥിരീകരിച്ച പി.ആർ.എസുകളിലാണ് നിലവിൽ എസ്.ബി.ഐ, കനറാ ബാങ്കുകൾ മുഖേന വില നൽകുന്നത്. ഇതിനായി 100 കോടി രൂപ ധനകാര്യവകുപ്പ് അനുവദിച്ചിരുന്നു. മേയ് ഒന്നു മുതൽ പാസാക്കിയ പി.ആർ.എസുകളിൽ തുക നൽകണമെങ്കിൽ സർക്കാർ കൂടുതൽ തുക സപ്ലൈകോയ്ക്ക് അനുവദിക്കണം. ഇതിൽ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ വില വിതരണം വീണ്ടും സ്തംഭിക്കുമെന്ന് കർഷകരും പാടശേഖര സമിതി നേതാക്കളും പറയുന്നു.
ഇക്കാര്യം സപ്ലൈകോ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം മാസം തോറുമുള്ള കണക്കുകൾ സമർപ്പിച്ച് കേന്ദ്രത്തിൽ നിന്നുള്ള വിഹിതം നേടിയെടുക്കാനും സപ്ലൈകോ ശ്രമിക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ ഇതുവരെ പകുതി കർഷകർക്കു മാത്രമേ രണ്ടാംവിള നെല്ലിന്റെ വില നൽകിയിട്ടുള്ളൂ.
നെല്ലുവില വിതരണം വേഗത്തിലാക്കണമെന്നു ജില്ലാ വികസന സമിതി യോഗത്തിലടക്കം ജനപ്രതിനിധികൾ നിർദേശിച്ചെങ്കിലും ജില്ലയിൽ ഇനിയും 33,327 കൃഷിക്കാർക്കു രണ്ടാംവിള നെല്ലിന്റെ വില കിട്ടാനുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മേയ് ഒന്നു മുതൽ സ്ഥിരീകരിച്ച പി.ആർ.എസുകളുടെ കണക്കാണിത്. ഈയിനത്തിൽ 243.94 കോടി രൂപ ജില്ലയിലെ കർഷകർക്കു നൽകണം. സർക്കാർ അടിയന്തരമായി 250 കോടി രൂപയെങ്കിലും അനുവദിച്ചാൽ മാത്രമേ പാലക്കാട്ടെ നെല്ലുവില വിതരണം പൂർത്തിയാക്കാനാകൂ. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നു വിഹിതം ലഭിച്ചാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂ.
1,100 കോടി രൂപയോളം കുടിശിക
നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യമാണുള്ളതെന്ന് സംസ്ഥാന സർക്കാർ പറയുന്നു. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 1,100 കോടി രൂപയോളം കുടിശികയുണ്ട്. 2017 മുതലുള്ള തുകകൾ ഇതിൽ ഉൾപ്പടുന്നു. കേന്ദ്ര സർക്കാർ വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതി. കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചു. ഈ വർഷം നേരത്തെ 185 കോടി രൂപയും അനുവദിച്ചിരുന്നു. ഫെബ്രുവരി വരെ സംഭരിച്ച നെല്ലിന്റെ സബ്സിഡിയാണ് അന്ന് അനുവദിച്ചത്. ഈ സാമ്പത്തിക വർഷം ബഡ്ജറ്റിൽ 606 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 285 കോടി രൂപ ഇതിനകം അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |