വടക്കഞ്ചേരി: വെള്ളക്കെട്ട് നിറഞ്ഞ, കാടുപിടിച്ചു കിടക്കുന്ന ഒരു ഗ്രൗണ്ടുണ്ട് വടക്കഞ്ചേരിയിൽ. കൊട്ടിഘോഷിച്ച് തുടങ്ങിയ മിനി സ്റ്റേഡിയം ആണിത്. എന്നാൽ ഇവിടേക്ക് കായിക പ്രതിഭകൾക്കോ, കായിക പ്രേമികൾക്കോ പ്രവേശനമില്ല. കാരണം, സ്റ്റേഡിയം മാലിന്യം സൂക്ഷിക്കാനുള്ള ഇടമായി മാറിയിട്ട് കാലങ്ങളായി. നഗരത്തോട് ചേർന്ന് ചെക്കിണിയിലുള്ള വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ മിനിസ്റ്റേഡിയം കണ്ടാൽ കെടുകാര്യസ്ഥതയുടെ ചിത്രം വ്യക്തമാകും.
വീഴാറായി നിൽക്കുന്ന ഫുട്‌ബാൾ പോസ്റ്റുകൾ, കാട് പിടിച്ച പരിസരം, ഒരുവശത്ത് വെള്ളക്കെട്ടും ചെളിയും. 2015ൽ കായിക യുവജന കാര്യവകുപ്പിന്റെ 'പൈക്ക്' പദ്ധതിയിലുൾപ്പെടുത്തി ഡ്രസിംഗ് മുറിയും ശൗചാലയവും വോളിബാൾ കോർട്ടും നിർമിച്ചിരുന്നു. എന്നാൽ തുടർവികസന പദ്ധതികളോ പരിപാലനമോ ഇല്ലാതായതോടെ മൈതാനത്തെ മണ്ണ് ഒഴുകിപ്പോയി. എടുത്തുമാറ്റാവുന്ന വിധത്തിലുള്ള വോളിബാൾ കോർട്ട് ഉപയോഗശൂന്യമായി. ഡ്രസിംഗ് റൂമും ശൗചാലയും ഉൾപ്പെടുന്ന കെട്ടിടം കാടുമൂടിയും ഇടിഞ്ഞും നശിച്ചു കൊണ്ടിരിക്കയാണ്. ഇവിടമിപ്പോൾ ഹരിതകർമ്മ സേനാംഗങ്ങൾ മാലിന്യം സൂക്ഷിക്കുന്ന ഇടമായി.
അധികൃതർ മനസ് വച്ചാൽ സ്റ്റേഡിയത്തിന്റെ ഈ ശോചനീയാവസ്ഥ മാറ്റിയെടുത്ത് ചെക്കിണിയിലെ മൈതാനം മികച്ച നിലവാരത്തിലാക്കാൻ സാധിക്കും. വടക്കഞ്ചേരി ടൗണിന് അടുത്തായതിനാൽ ആളുകൾക്ക് എളുപ്പത്തിൽ എത്താനാകും. വ്യായാമത്തിനും കുട്ടികളുടെ കായികപരിശീലനത്തിനും മൈതാനം ഫലപ്രദമായി ഉപയോഗിക്കാനാകും. വടക്കഞ്ചേരിയിലും സമീപ പഞ്ചായത്തുകളിലുമായി നിരവധി ദേശീയ അന്തർദേശീയ താരങ്ങളുണ്ട്. ഇവർക്കും വളർന്നുവരുന്ന തരങ്ങൾക്കും ഉപകാരപ്പെടേണ്ട മൈതാനമാണ് വെള്ളക്കെട്ടു നിറഞ്ഞു കാടുകയറി നശിക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ സ്‌പോർട്സ് സമ്മിറ്റിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ നൽകിയ വികസന പദ്ധതി ശുപാർശകളിൽ ചെക്കിണി മൈതാനം ഉൾപ്പെടുത്തിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. എങ്കിലും കായിക പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരവങ്ങളുയരുന്ന ഈ സ്റ്റേഡിയത്തിൽ കളിയാരവങ്ങൾ ഉയരുന്നതിനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |