ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിക്കും
പാലക്കാട്: ഓണക്കാലത്ത് വിപണി വിലക്കയറ്റം പിടിച്ചു നിറുത്താൻ പാലക്കാട് ജില്ലയിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന ഓണച്ചന്തകളും ജില്ലാ ഫെയറുകളും നാളെ പ്രവർത്തനം തുടങ്ങും. ഓണം ജില്ലാ ഫെയർ ആഗസ്റ്റ് 25 മുതൽ സെപ്തംബർ നാല് വരെ പാലക്കാട് കോട്ട മൈതാനത്ത് നടക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഉൾപ്രദേശങ്ങളിൽ 'മൊബൈൽ മാവേലി' എന്ന പേരിൽ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സപ്ലൈകോയിൽ നിന്ന് റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി നിരക്കിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളും, സബ്സിഡി ഇല്ലാത്ത സാധനങ്ങൾ മിതമായ നിരക്കിലും ലഭിക്കും. മറ്റ് നിത്യോപയോഗ സാധനങ്ങൾക്ക് എം.ആർ.പിയിൽ നിന്ന് 5% മുതൽ 50% വരെ വിലക്കിഴിവ് ഉണ്ടായിരിക്കും. വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറുകളും ലഭ്യമാണ്. സപ്ലൈകോയുടെ സ്വന്തം ഉൽപ്പന്നങ്ങളായ ശബരി ഉൽപ്പന്നങ്ങൾക്കും ശബരി ചക്കി ഫ്രഷ് ആട്ട, ശബരി ചായപ്പൊടി എന്നിവയ്ക്കും വിലക്കുറവ് ലഭിക്കും. പുതിയ ശബരി ഉത്പന്നങ്ങളായ പായസം മിക്സ്, പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട അരി, പുട്ട്/അപ്പം പൊടി എന്നിവയും ലഭിക്കും. കൂടാതെ, എ.എ.വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങൾക്കും സൗജന്യ ഓണക്കിറ്റുകൾ നൽകുന്നുണ്ട്. ഇതോടൊപ്പം ആകർഷകമായ വിലയിൽ സമൃദ്ധി കിറ്റ്, മിനി സമൃദ്ധി കിറ്റ്, ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയും ഗിഫ്റ്റ് കാർഡ് കൂപ്പണുകളും ലഭിക്കും.
സപ്ലൈകോ വിൽപന ശാലകളിൽ നിന്നും 1000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് ഒന്നാം സമ്മാനമായി ഒരു പവൻ സ്വർണനാണയം ലഭിക്കും. രണ്ടാം സമ്മാനം രണ്ട് പേർക്ക് ലാപ്‌ടോപ്പും മൂന്നാം സമ്മാനം മൂന്ന് പേർക്ക് സ്മാർട്ട് ടിവിയുമാണ്. കൂടാതെ എല്ലാ ജില്ലയിലും ഓരോ വിജയിക്ക് സ്മാർട്ട് ഫോൺ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |