പാലക്കാട്: കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ചെയ്യാനാകാത്ത രോഗനിർണയ പരിശോധനകൾ താലൂക്ക് / ജില്ലാ ആശുപത്രി ലാബുകളിലേക്ക് അയക്കുന്ന പദ്ധതിയുമായി ആർദ്രം മിഷൻ. നിർണയ ഹബ് ആൻഡ് സ്‌പോക്ക് ലബോറട്ടറി ശൃംഖല എന്ന പേരിലുള്ള പദ്ധതിയുടെ ട്രയൽ റൺ ജില്ലയിൽ ആരംഭിച്ചു. ആരോഗ്യവകുപ്പും തപാൽ വകുപ്പും കൈകോർത്താണ് നിർണയ ഹബ് ആൻഡ് സ്‌പോക്ക് മോഡൽ ലബോറട്ടറി നെറ്റ്വർക്ക് സാദ്ധ്യമാക്കുന്നത്.
ആദ്യത്തെ സാമ്പിൾ പെരുവെമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. കോങ്ങാട് സാമൂഹിക ആരോഗ്യകേന്ദ്രം, കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രം, നഗര കുടുംബാരോഗ്യകേന്ദ്രങ്ങളായ ഡയറ സ്ട്രീറ്റ്, കുളപ്പുള്ളി, പനമണ്ണ എന്നിവിടങ്ങളിൽ നിന്ന് സാമ്പിൾ അയക്കുന്ന ട്രയൽ റൺ നടത്തി.
ലാബ് പരിശോധന താഴെത്തട്ടിൽ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പൊതുജനങ്ങൾക്ക് ദൂരെയുള്ള ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലൂടെ ലാബിന്റെ സൗകര്യം പ്രയോജനപ്പെടുത്താം. സാമ്പിൾ അയക്കേണ്ട ദിവസങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് അടുത്തുള്ള പോസ്റ്റ് ഓഫീസിൽ അറിയിക്കണം. പാക്ക് ചെയ്തുവച്ച സാമ്പിൾ ബോക്സ് തപാൽ വകുപ്പിന്റെ ജീവനക്കാർ പകൽ രണ്ടിനുമുമ്പായി ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുകയും അടുത്ത ദിവസം പകൽ 11ന് മുമ്പായി നിർദിഷ്ട ലാബിൽ എത്തിക്കുകയും ചെയ്യും. സാമ്പിൾ ശേഖരിക്കുന്ന ഘട്ടത്തിൽതന്നെ രോഗിയുടെ യുഎച്ച്‌ഐഡി നമ്പറും മൊബൈൽ നമ്പറും ഈഹെൽത്തിലൂടെ രേഖപ്പെടുത്തും. ഇതിനാൽ ലാബിൽ ചെയ്യുന്ന പരിശോധനാ ഫലം രോഗികൾക്ക് മൊബൈലിൽ സന്ദേശമായി ലഭിക്കും.
ജില്ലയിൽ 100 കുടുംബാരോഗ്യ കേന്ദ്രങ്ങളും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും 20 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളും ഏഴ് താലൂക്ക് ആശുപത്രികളും ആണുള്ളത്. ഈ ആരോഗ്യ സ്ഥാപനങ്ങളിൽ എത്തുന്ന രോഗികൾക്കാണ് നിർണയ പദ്ധതിയുടെ ഗുണം ലഭിക്കുക. പദ്ധതിയുടെ വിജയത്തിനായി ജില്ലയിലെ രണ്ട് പോസ്റ്റൽ ഡിവിഷനുകളിൽനിന്നും ആവശ്യമായ നിർദേശങ്ങൾ പോസ്റ്റ് ഓഫീസുകൾക്ക് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |