കഞ്ചിക്കോട്: സംസ്ഥാനത്തെ വ്യവസായ മേഖലയിൽ അപകടസുരക്ഷയ്ക്കായുള്ള വെബ് ജി.ഐ.എസ് അധിഷ്ഠിത ഫാക്ടറി മാനേജ്‌മെന്റ് സംവിധാനമെത്തുന്നു. കേരളത്തിലെ 24,000 വ്യവസായ സ്ഥാപനങ്ങളെ ജിയോ മാപ്പിംഗ് വഴി ബന്ധിപ്പിച്ചാണ് ജി.ഐ.എസ് അധിഷ്ഠിത ഫാക്ടറി മാനേജ്‌മെന്റ് സിസ്റ്റം പ്രവർത്തിക്കുക. കെൽട്രോണിന്റെ സഹായത്തോടെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് തയ്യാറാക്കുന്ന വെബ് ആപ്ലിക്കേഷനിലെ വിവരശേഖരണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഈ മാസം അവസാനത്തോടെ പദ്ധതി കമ്മിഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി പ്രവർത്തനം ആരംഭിച്ചാൽ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോടിന് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
മൂന്നോ അതിലധികമോ തൊഴിലാളികളുള്ള വൈദ്യുതി ഉപയോഗിക്കുന്ന എല്ലാ സംരംഭങ്ങളും വെബ് ജി.ഐ.എസ് അധിഷ്ഠിത ഫാക്ടറി മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഉൾപ്പെടുത്തും. ഇതോടെ ഇത്തരം സംവിധാനമൊരുക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവും കേരളമെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് അധികൃതർ പറഞ്ഞു. 36 ലക്ഷം രൂപയാണ് ചെലവ്.
സ്ഥാപന ഉടമയുടെയോ ജീവനക്കാരന്റെയോ ഫോണിലെ ആപ്പിൽ നിന്ന് എറണാകുളത്തെ കൺടോൾ സ്റ്റേഷനിലേക്ക് സന്ദേശമെത്തും. ഏറ്റവും അടുത്തുള്ള അഗ്നിശമനസേനയുടെ ഓഫീസ്, ആംബുലൻസ്, പൊലീസ് സ്റ്റേഷൻ, ആശുപത്രികൾ, സുരക്ഷാ സംവിധാനങ്ങളുള്ള വ്യവസായശാലകൾ എന്നിവയെ ഏകോപിപ്പിക്കാൻ കൺട്രോൾ സ്റ്റേഷന് കഴിയും.
തീപ്പിടുത്തം, രാസവസ്തുക്കളുടെ ചോർച്ച, തൊഴിലിനിടയിലെ അപകടങ്ങൾ തുടങ്ങിയവയിലാണ് അടിയന്തര സഹായമെത്തിക്കാനാവുക. വ്യവസായ സംരംഭങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലം, പ്രവർത്തന ഉത്പാദന രീതികൾ, ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ, നിലവിലുള്ള സുരക്ഷാ ഉപകരണങ്ങളും സംവിധാനങ്ങളും എന്നിവയടക്കമുള്ള വിവരങ്ങൾ ജി.ഐ.എസ് വെബ് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംരംഭങ്ങളിൽ അപകടസാദ്ധ്യത കൂടുതലുള്ളതായി കണക്കാക്കപ്പെടുന്ന 1,500 ബോയ്ലർ യൂണിറ്റുകളുമുണ്ട്.
അപകടസമയത്ത് അഗ്നിശമനസേനയ്ക്കു പുറമേ സമീപ ഫാക്ടറികളിലെ സുരക്ഷാ ഉപകരണങ്ങൾ, ജീവനക്കാർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |